ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും ഇരു രാജ്യങ്ങളുടെയും സന്തുലിതമായ സാഹചര്യത്തിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കിലും ആശയപരമായി പ്രയാസങ്ങളുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
ഐ.ഐ.സിയില്‍ നടന്ന ഇന്ത്യ വേള്‍ഡ് മാസികയുടെ പ്രകാശന ചടങ്ങില്‍ വിദേശനയ വിദഗ്ദന്‍ സി. രാജ മോഹനുമായുള്ള ചര്‍ച്ചയിലാണ് എസ്. ജയശങ്കറിന്റെ പരാമര്‍ശം.
‘സന്തുലിതാവസ്ഥയിലേക്കെത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ കൂടിയും അതിന് പലതരത്തിലുള്ള ബദല്‍ ആശയങ്ങളും ആവശ്യമാണ്. അതേസമയം രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഹ്രസ്വ കാലത്തേക്കുള്ള കരാറുകളിലേക്ക് നയങ്ങള്‍ നടപ്പിലാക്കുന്നുണ്ട്,’ എസ്. ജയശങ്കര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരും സെക്രട്ടറിമാരും നടത്തിയ പല യോഗങ്ങളിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നതായും എസ്. ജയശങ്കര്‍ പറഞ്ഞു.
അതേസമയം യോഗങ്ങളും കൂടിയാലോചനകളും തുടരേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ഇത്തരത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പട്രോളിങ് എന്ന വാക്ക് ഇപ്പോള്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സുപരിചിതമായെന്നും സ്ട്രാറ്റജിക് പ്ലാനുകളേ കുറിച്ചുള്ള തീരുമാനങ്ങള്‍ നടത്തുമെന്നും വ്യവസായികമായ കൂടിയാലോചനകള്‍ നടത്തുമെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.
അതേസമയം അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുന്നതില്‍ ധാരണയായത്.
ഇരു വശത്തുമുള്ള സൈന്യത്തെ പിരിച്ചുവിടുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയും ഒക്ടോബര്‍ 28, 29 തീയ്യതികളോടെ പൂര്‍ത്തിയാക്കിയിരുന്നു.
2020ല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈന്യങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കരാര്‍ കൂടിയാണിത്. ഈ കരാറിനനുസരിച്ച് ഡെംചോങ്ങിനും ഡെപ്‌സാങ്ങിനും മാത്രമേ സാധുതയുള്ളൂവെന്നും മറ്റ് സ്ഥലങ്ങളില്‍ ഇത് ബാധകമല്ലെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിഷ്‌ലിസ്റ്റുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഇരു രാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള ഫ്ളൈറ്റുകള്‍, വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ നിരോധനം നീക്കുക, ചൈനീസ് പത്രപ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുക, ചൈനീസ് തീയറ്ററുകളില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ അനുവദിക്കുക, തുടങ്ങിയ കാര്യങ്ങളാണ് ചൈനയുടെ വിഷ്‌ലിസ്റ്റുകളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlight: India and China want to reach equilibrium: S. Jaya Shankar