വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് അവര്‍ മുതലെടുപ്പ് നടത്തുകയാണെന്നുമുള്ള ഗുരുതരാരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇനിയും ഈ ദുരുപയോഗം തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പെന്‍സില്‍വാനിയയില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
‘രണ്ടു ഭീമന്‍ സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും ഇനിയും വികസ്വര രാഷ്ട്രങ്ങളാണെന്നു പറയുക വയ്യ. അതിനാല്‍ത്തന്നെ ലോക വ്യാപാര സംഘടനയില്‍ (ഡബ്യു.ടി.ഒ) നിന്ന് അവര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല.
ഇന്ത്യയും ചൈനയും ഏറെ വര്‍ഷങ്ങളായി ഞങ്ങളില്‍ നിന്നു കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണ്. ഇനി ഡബ്ലു.ടി.ഒയെ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
അവര്‍ ഇരുരാജ്യങ്ങളെയും ഇപ്പോഴും വികസ്വര രാഷ്ട്രങ്ങളായാണു കാണുന്നത്. പക്ഷേ അവരെല്ലാം വികസിച്ചുകഴിഞ്ഞു. ഡബ്ലു.ടി.ഒ യു.എസിനെ നീതിപൂര്‍വം പരിഗണിക്കുമെന്നാണു പ്രതീക്ഷ.’- അദ്ദേഹം പറഞ്ഞു.
നേരത്തേ ‘ചുങ്ക രാജാവ്’ എന്നാണ് ഇന്ത്യയെ ട്രംപ് വിമര്‍ശിച്ചത്. യു.എസ് നിര്‍മിത ഉത്പന്നങ്ങള്‍ക്കു കടുത്ത ഇറക്കുമതിച്ചുങ്കം ചുമത്തുന്നതിന് ഇന്ത്യയെ പലപ്പോഴും ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്.
വികസ്വര രാഷ്ട്രങ്ങളെ എങ്ങനെയാണ് ഡബ്ലു.ടി.ഒ നിര്‍വചിക്കുന്നത് എന്ന് കഴിഞ്ഞമാസം അദ്ദേഹം ചോദിച്ചിരുന്നു. ചൈനയ്ക്കും ഇന്ത്യക്കും തുര്‍ക്കിക്കും നല്‍കുന്ന പ്രത്യേക ഇളവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം.