|

കാനഡയിലെ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു; വീണ്ടും ആരോപണവുമായി കാനഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ഖലിസ്ഥാന്‍ വിവാദത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരെ മറ്റൊരു ഗുരുതര ആരോപണവുമായി കനാഡ. ഏപ്രില്‍ 28ന് നടക്കുന്ന കാനഡയുടെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയും ചൈനയും ഇടപെടാന്‍ ശ്രമിക്കുന്നു എന്ന പുതിയ റിപ്പോര്‍ട്ടുമായാണ് നിലവില്‍ കാനഡ രംഗത്തെത്തിയിരിക്കുന്നത്.

കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഏജന്‍സി (സി.എസ്.ഐ.എസ്) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം എക്കാലത്തേയും താഴ്ന്ന നിലയില്‍ ആയതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ഇന്ത്യ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇടപെടുന്നതിനായി ഇരു രാജ്യങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടിയതായും അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുന്‍പും കാനഡ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊക്കെ ഇന്ത്യയും ചൈനയും ഈ ആരോപണങ്ങളെ തള്ളുകയാണുണ്ടായത്.

‘പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് കാനഡയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ ഗവണ്‍മെന്റിനും കനേഡിയന്‍ കമ്മ്യൂണിറ്റികളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശമുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്,’ സി.എസ്.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ വനേസ ലോയ്ഡ് പറഞ്ഞു.

2019, 2021 തെരഞ്ഞെടുപ്പുകളില്‍ ചൈനയും ഇന്ത്യയും ഇടപെടലുകള്‍ക്ക് നടത്തിയെന്ന് കാണിക്കുന്ന ഒരു ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് ജനുവരിയില്‍ കാനഡ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ ഇടപെടല്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയുടെ ആരോപണങ്ങളോട് ഒട്ടാവയിലെ ചൈനീസ്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2023ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍വെച്ച് ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപിച്ച് ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാനഡ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കി.

Content Highlight: India and China are interfering in Canadian elections; Canadian spy agency again alleges

Latest Stories

Video Stories