| Saturday, 5th October 2019, 4:37 pm

7 കരാറുകളില്‍ ധാരണയായി മോദി- ഷെയ്ഖ് ഹസീന കൂടിക്കാഴ്ച; ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നയതന്ത്ര ബന്ധം ശക്തിപ്പെട്ടെന്ന് ഇരു നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 7 കരാറുകളില്‍ ഇരുവരും ഒപ്പു വെച്ചു. ഒപ്പം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഗ്യാസ് സിലിണ്ടര്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള 3 പ്രൊജക്ടുകളും അവതരിപ്പിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജലവിതരണം, വിദ്യാഭ്യാസം, തീരദേശ സുരക്ഷ, യുവജനക്ഷേമം, തുടങ്ങിയ മേഖലയിലാണ് കരാര്‍ ഒപ്പു വെച്ചിരിക്കുന്നത്.

ബംഗ്ലാദേശുമായുള്ള സഹകരണത്തിന് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശുമായി 12 പദ്ധതികളിലാണ് ഇന്ത്യ ധാരണയായതെന്നും മോദി പറഞ്ഞു.
കടല്‍ സുരക്ഷ, ആണവഊര്‍ജം, വ്യാപാരം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഏറെ മെച്ചപ്പെട്ടെന്ന് ഷെയ്ഖ് ഹസീനയും വ്യക്തമാക്കി.

നാലു ദിവസ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയിലും പങ്കെടുത്തിരുന്നു. ഉച്ചകോടിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ന്യൂനപക്ഷ ഭൂരിപക്ഷ ചിന്താഗതികളില്‍ നിന്നു മാറി ചിന്തിക്കണമെന്ന് അവര്‍ പറയുകയുണ്ടായി.
ന്യൂനപക്ഷ-ഭൂരിപക്ഷ ചിന്തകളില്‍ നിന്നു മാറി മതപരമായും, വര്‍ഗപരമായും, ഭാഷാപരവുമായുമുള്ള ദക്ഷിണേഷ്യന്‍ വൈവിധ്യങ്ങളെ ആഘോഷിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമൂഹത്തിലെ അസമത്വം ഇല്ലായ്മ ചെയ്യാനായി സാമ്പത്തിക വളര്‍ച്ചയില്‍ താഴേത്തട്ടിലേക്കുള്ളവര്‍ക്കും ഉപകാരമുണ്ടാകുന്ന നടപടികള്‍ ആവശ്യമാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more