ന്യൂദല്‍ഹി: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണ. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യു.എസ് ആയുധ നിയന്ത്രണം-രാജ്യാന്തര സുരക്ഷാകാര്യ സെക്രട്ടറി ആന്‍ഡ്രിയ തോംസണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചു. രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.
സുരക്ഷ, സിവില്‍ ആണവ സഹകരണം അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കാനും സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണയായി. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുള്ള ഇന്ധനലഭ്യത ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
ഒരു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ ഇന്ത്യയും അമേരിക്കയും നടത്തി വരുന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക തീരുമാനം നിലവില്‍ വന്നിരിക്കുന്നത്.
പിറ്റസ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും 2017 ല്‍ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായി.
അതേസമയം, 2024ഓടെ ആണവ ശേഷി മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. 2008ല്‍ ഇന്ത്യയും അമേരിക്കയും സിവില്‍ ആണവ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാര്‍ പ്രകാരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ 2016ല്‍ ധാരണയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ന്യൂദല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ ആറിലധികം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും കരാറില്‍ ഒപ്പിട്ടിരുന്നു. നിലയങ്ങള്‍ എവിടെയാണ്, ശേഷി എത്ര തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.