ഇതുകൊണ്ടൊന്നും കാര്യമില്ല; ലോകത്തിലെ ഏറ്റവും മോശം സാമ്പത്തിക രംഗം ഇന്ത്യയുടേതെന്ന് അഭിജിത് ബാനര്‍ജി
Indian Economy
ഇതുകൊണ്ടൊന്നും കാര്യമില്ല; ലോകത്തിലെ ഏറ്റവും മോശം സാമ്പത്തിക രംഗം ഇന്ത്യയുടേതെന്ന് അഭിജിത് ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2020, 10:13 pm

ന്യൂദല്‍ഹി: ലോകത്തില്‍ സാമ്പത്തിക രംഗത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യയാണെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. മാന്ദ്യത്തെ മറികടക്കാന്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഭേദപ്പെട്ട മാറ്റം കാണാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

‘ലോകത്തിലെ ഏറ്റവും മോശം സാമ്പത്തികാവസ്ഥയാണ് ഇന്ത്യയുടേത്. എന്നാല്‍ നിലവിലെ പാദത്തില്‍ അത് മെച്ചപ്പെട്ടേക്കാം. 2021 ല്‍ ഈ സാമ്പത്തിക വര്‍ഷത്തേക്കാള്‍ മികവ് കാണിച്ചേക്കാം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാന്‍ ഇന്ത്യ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം അപര്യാപ്തമാണ്. ഇതിലും മികച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

‘താഴ്ന്ന വരുമാനമുള്ളവരുടെ ഉപഭോഗ ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ല, സാധാരണക്കാരുടെ കൈയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരു മാര്‍ഗവും സ്വീകരിച്ചില്ല’, അദ്ദേഹം പറഞ്ഞു.

നേരത്തെ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ജി.ഡി.പിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

1996 മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020 21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India among worst performing economies in world; stimulus inadequate Abhijit Banerjee