| Wednesday, 8th March 2023, 10:14 am

ഇന്ത്യയിൽ കടുത്ത ഏകാധിപത്യ ഭരണം; നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ സ്വാതന്ത്ര്യ സൂചികകളിൽ ഇന്ത്യ കൂപ്പുകുത്തിയെന്ന് സ്വീഡൻ സർവകലാശാല റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോകത്തെ ഏറ്റവും രൂക്ഷമായ ഏകാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. ലോകത്തിലെ 72ശതമാനം ജനങ്ങളും ഏകാധിപത്യ ഭരണകൂടത്തിന് കീഴിലാണ് ജീവിക്കുന്നത്. അവശേഷിക്കുന്ന 28 ശതമാനം കടുത്ത ഏകാധിപത്യ വ്യവസ്ഥകളിൽ ജീവിക്കുകയാണെന്നുമാണ് സ്വീഡനിലെ വെറൈറ്റിസ് ഓഫ് ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് (Varities of democracy institute / V-Dem) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ഭരണം കടുത്ത ഏകാധിപത്യ രീതി പിന്തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച്‌ 3ന് സ്വീഡനിലെ ഗോത്തെൻബർഗ് സർവകലാശാലയാണ് (University of Gothenberg) റിപ്പോർട്ട്‌ പുറത്തിറക്കിയത്. രാഷ്ട്രീയ ധ്രുവീകരണത്തിൽ നാടകീയമായ വർധനവിന് സാക്ഷ്യം വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, മ്യാൻമർ എന്നിവയാണ് മറ്റു രാജ്യങ്ങൾ.

ഇത്തരത്തിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുന്നതോടെ ജനങ്ങൾക്കിടയിലെ സഹകരണ മനോഭാവം നഷ്ടപ്പെടുകയും, തങ്ങളുടെ നേതാവിനെ അധികാരത്തിൽ നിലനിർത്താൻ ജനാധിപത്യ നയങ്ങളെ ഉപേക്ഷിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇത് സ്വേച്ഛാധിപത്യ നേതാക്കൾക്കുള്ള പിന്തുണ വർധിപ്പിക്കുകയും അവരുടെ അജണ്ടകളെ ശാക്തീകരിക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തോടെ ഇന്ത്യയിൽ വിശ്വാസ സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

സ്വേച്ഛാധിപത്യം ലോകത്താകമാനം തുടരുന്നുണ്ടെങ്കിലും നാടകീയ മാറ്റങ്ങൾ സംഭവിക്കുന്നത് ഏഷ്യ-പസിഫിക് പ്രദേശങ്ങളിലാണ്.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം, ഇന്ത്യയിലെ മാധ്യമങ്ങൾക്കും പൗരന്മാർക്കും നേരെയുള്ള അതിക്രമങ്ങൾ ക്രമാതീതമായി ഉയർന്നു. വ്യാജ വാർത്താ പ്രചരണം, വിദ്വേഷ പ്രചരണം, ഏകാധിപത്യവൽക്കരണം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

200 രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുള്ള ജനാധിപത്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 97 ആണ്. 0.61 ആണ് പോയിന്റ്. ഇത് അടിയന്തരവസ്ഥ കാലത്തുണ്ടായ സമാന രീതിയിലേതാണെന്നും വി-ഡെം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ 108-ാം സ്ഥാനമാണ് ഇന്ത്യക്ക്. സമത്വസൂചികയിൽ 123-ാം സ്ഥാനത്തുമാണ് ഇന്ത്യ.

പത്രമാധ്യമങ്ങൾക്ക് മേലുള്ള അനാവശ്യ കൈകടത്തൽ, അക്കാദമിക സ്വാതന്ത്ര്യം, സാംസ്കാരിക സ്വാതന്ത്ര്യം എന്നിവയിലുള്ള സർക്കാർ കടന്നു കയറ്റം തുടങ്ങിയവയാണ് ഏകാധിപത്യ ഭരണകൂടം രൂപപ്പെടാൻ കാരണമെന്നും വി-ഡെം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്

Content Highlight: India among the ‘worst autocratisers’ in the last 10 years, says Sweden’s V-Dem Institute

We use cookies to give you the best possible experience. Learn more