| Sunday, 30th October 2022, 12:35 pm

ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും കൊറിയക്കുമൊപ്പം; ഹാലോയീന്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് ലോകനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗത്ത് കൊറിയയില്‍ ഹാലോയീന്‍ ആഘോഷത്തിനിടെ (Halloween festivities) തിക്കിലും തിരക്കിലും പെട്ട് 151 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍.

ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിയവരാണ് സംഭവത്തെ അപലപിച്ചുകൊണ്ടും കൊറിയക്ക് പിന്തുണ അറിയിച്ചുകൊണ്ടും പ്രതികരിച്ചത്.

”സോളില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ചെറുപ്പക്കാരുടെ ജീവന്‍ നഷ്ടപ്പെട്ട വിവരം വലിയ ഞെട്ടലുണ്ടാക്കി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു.

ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ റിപ്പബ്ലിക് ഓഫ് കൊറിയയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു,” വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

”സിയോളില്‍ നിന്നുള്ള വാര്‍ത്ത ഭയാനകമാണ്. ഈ വിഷമകരമായ സമയത്ത് എല്ലാ ദക്ഷിണ കൊറിയക്കാര്‍ക്കുമൊപ്പമാണ് ഞങ്ങളുടെ ചിന്തകള്‍,” റിഷി സുനക് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

”സോളില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചതില്‍, കാനഡയിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ദക്ഷിണ കൊറിയയിലെ ജനങ്ങളോട് ഞാന്‍ അനുശോചനം അറിയിക്കുന്നു.

ഈ ദുരന്തം ബാധിച്ച എല്ലാവരെയും കുറിച്ച് ഞാന്‍ ചിന്തിക്കുന്നു, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,” എന്നാണ് ജസ്റ്റിന്‍ ട്രൂഡോ കുറിച്ചത്.

”സോളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജനങ്ങളുടെ ദുഖത്തിനൊപ്പമാണ് ഞങ്ങള്‍.

പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ ദുരന്തസമയത്ത് അമേരിക്ക കൊറിയയ്ക്കൊപ്പമാണ്,” യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കുറിച്ചു.

അതേസമയം ശനിയാഴ്ച അര്‍ധരാത്രിയോടെ സൗത്ത് കൊറിയയില്‍ നടന്ന സംഭവത്തില്‍ മരിച്ചവരിലേറെയും ചെറുപ്പക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

സൗത്ത് കൊറിയന്‍ തലസ്ഥാനമായ സോളിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഇറ്റാവോണ്‍ നഗരത്തിലെ ഒരു പ്രധാന മാര്‍ക്കറ്റിലായിരുന്നു സംഭവം. ഹാലോയീന്‍ ആഘോഷത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മാര്‍ക്കറ്റിലേക്ക് കൂട്ടമായി വരികയും തിക്കിലും തിരക്കിലും പെട്ട് 151 പേര്‍ മരിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 19 പേര്‍ വിദേശികളാണ്.

ഏകദേശം ഒരു ലക്ഷം പേര്‍ ഇവിടെ തടിച്ചുകൂടിയതായാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.

ഇടുങ്ങിയ തെരുവുകളിലെ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ക്ക് ഹൃദയാഘാതമുണ്ടായതായും ഇവരെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ശ്രമിക്കുന്നതായും ജനക്കൂട്ടം പാനിക്കായി ഓടുന്നതായുമുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇറ്റാവോണിലെ ഒരു ഹോട്ടലിന് സമീപം ഡസന്‍ കണക്കിനാളുകള്‍ ബോധരഹിതരായി വീണതായും ചിലര്‍ക്ക് ശ്വാസതടസം നേരിട്ടതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനാ അധികൃതര്‍ സ്ഥലത്തെത്തുകയായിരുന്നു.

ഒക്ടോബര്‍ 31ലെ ഹാലോയീന്‍ ഡേയ്ക്ക് മുന്നോടിയായി ശനിയാഴ്ച രാത്രി നടന്ന ആഘോഷങ്ങള്‍ക്കിടെയായിരുന്നു ദാരുണ സംഭവം. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇത്രയും വ്യാപകമായി ആഘോഷങ്ങള്‍ നടന്നത്.

Content Highlight: India, America, Canada, Britain world leaders mourn South Korea stampede incident

We use cookies to give you the best possible experience. Learn more