| Thursday, 16th May 2024, 8:19 am

തമിഴ്‌നാട്ടില്‍ ഇത്തവണയും ബി.ജെ.പി അക്കൗണ്ട് തുറക്കില്ല; 39 സീറ്റിലും ഇന്ത്യാസഖ്യത്തിന് വിജയമെന്ന് സര്‍വ്വെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോണ്ടിച്ചേരിയുൾപ്പടെയുള്ള തമിഴ്‌നാട്ടിലെ 40 ൽ 39 സീറ്റുകളും ഇന്ത്യ സഖ്യം നേടുമെന്ന സര്‍വ്വെ റിപ്പോർട്ട് പുറത്ത്. ഡി.എം. കെ യുടെ ആഭ്യന്തര സര്‍വ്വെയിലെ വിവരങ്ങളാണ് പുറത്തുവന്നത്. 32 ഇടങ്ങളിൽ വൻ ഭൂരിപക്ഷവും ഏഴിടങ്ങളിൽ ചെറിയ ഭൂരിപക്ഷത്തിനും വിജയിക്കുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്.

ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഡി.എം.കെ ആഭ്യന്തര സര്‍വ്വെ നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതെ ഭൂരിപക്ഷം ഇത്തവണയും പാർട്ടി നേടുമെന്ന് സർവ്വേ പറയുന്നു.

ത്രികോണ മത്സരം നടന്ന തേനി, കോയമ്പത്തൂർ, തിരുനൽവേലി, രാമനാഥപുരം, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സര്‍വ്വെയിൽ പറയുന്നു. എന്നിരുന്നാലും തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നും സര്‍വ്വെ ഫലം പറയുന്നുണ്ട്.

വിജയ സാധ്യത കുറവുള്ള ഒരു മണ്ഡലം ഏതാണെന്ന് വ്യക്തത പാർട്ടി ഇതുവരെ നൽകിയിട്ടില്ല.

അതേസമയം പാർട്ടിനേതാക്കളാരും തന്നെ ഈ ഫലത്തെക്കുറിച്ച് പരസ്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. ഏഴ് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടമായ ഏപ്രിൽ 19 നായിരുന്നു തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക. തമിഴ്‌നാട്ടിൽ ഇത്തവണ 69 . 72 % വോട്ടിങ് ആണ് നടന്നത്. കഴിഞ്ഞ തവണ ഇത് 72 ശതമാനം ആയിരുന്നു.

Content Highlights: India alliance will win 39 seats in Tamil Nadu out of  40

We use cookies to give you the best possible experience. Learn more