ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് ഇന്ത്യാ സഖ്യം. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നും ഇന്ത്യാ സഖ്യം ശക്തമായ പ്രതിപക്ഷമാകുമെന്നും നേതാക്കള്‍ അറിയിച്ചു. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരായ ജനവിധിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. ദല്‍ഹിയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ഇന്ത്യാ മുന്നണിയെ പിന്തുണച്ച എല്ലാവര്‍ക്കും ഖാര്‍ഗെ നന്ദിയറിയിക്കുകയും ചെയ്തു. യോഗത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും ഖാര്‍ഗെ പ്രതികരിച്ചു. ഈ ജനവിധി ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള മറുപടിയെന്നും ഇന്ത്യാ സഖ്യ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശക്തമായ പോരാട്ടം തുടരുമെന്നും ഇനിയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇന്ത്യാ സഖ്യം വ്യക്തമാക്കി.
കാത്തിരുന്ന് കാണാമെന്ന് മുന്നണിയോഗത്തിന് ശേഷം മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
543ൽ 234 മണ്ഡലങ്ങളാണ് ഇന്ത്യാ സഖ്യം പിടിച്ചെടുത്തത്. സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ സഖ്യത്തിന് 38 സീറ്റുകൾ കൂടി വേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിപക്ഷത്തിരിക്കാമെന്ന തീരുമാനത്തിലേക്ക് ഇന്ത്യാ സഖ്യം എത്തിയത്.
ടി.ഡി.പിയെയും ജെ.ഡി.എസിനെയും ഒപ്പം നിർത്തിക്കൊണ്ട് സർക്കാർ രൂപീകരിക്കാനുള്ള ആലോചനകൾ സഖ്യം നടത്തിയിരുന്നു. ഇതിനായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻ.സി.പി നേതാവ് ശരത് പവാറും ചില ശ്രമങ്ങളും നടത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച നരേന്ദ്ര മോദി എൻ.ഡി.എ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. വെളളിയാഴ്ച മോദിയും എൻ.ഡി.എ നേതാക്കളും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണുമെന്നാണ് റിപ്പോർട്ട്. ഏഴ് സ്വതന്ത്ര എം.പിമാർ എൻ.ഡി.എ സഖ്യത്തെ പിന്തുണക്കാൻ തീരുമാനിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: India alliance will remain a strong opposition