ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ അദാനി വിഷയം ശക്തമായി ഉന്നയിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. അദാനി വിഷയം സംയുക്ത പാര്‍ലനമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നടപടി എടുക്കാനും പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്.
അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ എം.പിമാരെ അനുവദിക്കാത്തതില്‍ അതൃപ്തിയുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അതേസമയം അദാനി വിഷയത്തോടൊപ്പം തന്നെ മണിപ്പൂരിലുണ്ടാവുന്ന സംഘര്‍ഷവും പ്രധാനപ്രശ്‌നങ്ങളായി തന്നെ സഭയിലുന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെന്നും സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തിനായി ശക്തമായ വാദമുയര്‍ത്തുമെന്നും തീരുമാനമുണ്ട്.
അദാനി വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് ഭയമാണെന്നും വിഷയത്തില്‍ പ്രതിപക്ഷമുന്നയിക്കുന്ന ഒരു വാക്കുപോലും കേള്‍ക്കാന്‍ ഭരണപക്ഷം തയ്യാറാവുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിലുണ്ടായ കോണ്‍ഗ്രസിന്റെ പരാജയത്തെക്കുറിച്ചും ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ തീരുമാനമായി. അതേസമയം ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യോഗത്തില്‍ കോണ്‍ഗ്രസിന് പുറമെ സമാജ്‌വാദി പാര്‍ട്ടി, ഡി.എം.കെ, സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ(എം.എല്‍)എല്‍, എന്‍.സി.പി, മുസ്‌ലിം ലീഗ്, എ.എ.പി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എം.ഡി.എം.കെ, ബി.എ.പി എന്നീ പാര്‍ട്ടികളും സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: India Alliance to Raise Adani Issue in Parliament Winter Session; Report