ന്യൂദല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യാ സഖ്യം മത്സരിക്കും. കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകും. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്‌നാഥ് സിങ്ങുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് ഇന്ത്യാ സഖ്യം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഓം ബിര്‍ലയും കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മത്സരം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നിരുന്നു.
കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിലെ നേതാക്കളുമായി രാജ്‌നാഥ് സിങ്ങ് ചര്‍ച്ച നടത്തിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷ സഖ്യം.
ഇന്ത്യാ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.
നേരത്തെ ഒന്നാം മോദി സര്‍ക്കാരിന്റെ സമയത്ത് മാത്രമാണ് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ സമയത്ത് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ബുധനാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക.
Content Highlight: India alliance to contest for the post of Lok Sabha Speaker; Kodikkunnil Suresh is the candidate