രാം ലീല മൈതാനിയില്‍ ശക്തികാട്ടി ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി; ഹൃദയത്തിലാണ് ഇന്ത്യയെന്ന് കെജ്‌രിവാളിന്റെ സന്ദേശം
national news
രാം ലീല മൈതാനിയില്‍ ശക്തികാട്ടി ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി; ഹൃദയത്തിലാണ് ഇന്ത്യയെന്ന് കെജ്‌രിവാളിന്റെ സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2024, 2:08 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മഹാറാലിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത കെജ്‌രിവാള്‍. ദേശത്തെ സ്‌നേഹിക്കുന്ന ആളല്ലേ കെജ്‌രിവാള്‍ അദ്ദേഹം രാജിവെക്കണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തോട് സുനിത കെജ്‌രിവാള്‍ ചോദിച്ചു. ഇല്ലെന്നാണ് ജനങ്ങള്‍ ഇതിന് മറുപടി നല്‍കിയത്.

ഈ പ്രതിഷേധം ഭരണഘടനാ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും കെജ്‌രിവാള്‍ സത്യസന്ധനും ദേശഭക്തനുമാണെന്നും സുനിത പറഞ്ഞു. പിന്നാലെ കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് വേണ്ടി നല്‍കിയ സന്ദേശവും സുനിത കെജ്‌രിവാള്‍ വേദിയില്‍ വായിച്ചു.

‘വോട്ട് ചോദിക്കുകയല്ല ഞാന്‍ ചെയ്യുന്നത്. പുതിയൊരു ഭാരതം നമുക്ക് കെട്ടിപ്പടുക്കണം. ദരിദ്രരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണവും, വിദ്യാഭ്യാസവും, ചികിത്സയും ലഭിക്കുന്ന വിദ്വേഷമില്ലാത്ത പുതിയൊരു രാഷ്ട്രം നമുക്ക് കെട്ടിപ്പടുക്കണം. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഒരു രാഷട്ര നിര്‍മാണത്തിന് വേണ്ടി ഇന്ത്യാ സഖ്യത്തിന് ഒരു അവസരം നല്‍കണം. പേരില്‍ മാത്രമല്ല ഇന്ത്യാ സഖ്യത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്,’ കെജ്‌രിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.

ദല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടിയിലെ 28 നേതാക്കളാണ് പങ്കെടുത്തത്. കെജ്‌രിവാളിന്റെ അറസ്റ്റ് വിഷയമാണെങ്കിലും അതിനുപരി ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യാ സഖ്യത്തിന്റെ ശക്തി പ്രകടനമായി റാലി മാറി.

ഇ.ഡി, സി.ബി.ഐ. ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ജമ്മു കശ്മീരിനെ ബി.ജെ.പിയുടെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റിയെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. അത് രാജ്യത്താകെ നടപ്പാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

സുനിത കെജ്‌രിവാളിന് പുറമേ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോരന്‍ പരിപാടിയില്‍ പങ്കെടുത്തു. അതോടൊപ്പം തന്നെ ജയിലില്‍ കഴിയുന്ന എ.എ.പി നേതാക്കളുടെ ഭാര്യമാരും റാലിയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് രാം ലീല മൈതാനിയില്‍ എത്തിയത്.

Content Highlight: India Alliance Maharalli at Ram Leela Maidan; Kejriwal message that India is in the heart