ഇന്ത്യ സഖ്യത്തിന് ആദ്യ വിജയം; അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് തെരഞ്ഞെടുപ്പില്‍ എ.എ. റഹീമിന് വിജയം
national news
ഇന്ത്യ സഖ്യത്തിന് ആദ്യ വിജയം; അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട് തെരഞ്ഞെടുപ്പില്‍ എ.എ. റഹീമിന് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th August 2023, 11:01 am

ന്യൂദല്‍ഹി: അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെട്ടുത്തി ഇന്ത്യ സഖ്യം. രാജ്യസഭാംഗങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്ത ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റ സ്ഥാനാര്‍ത്ഥികളായ സി.പി.ഐ.എം എം.പി എ.എ. റഹീമും കോണ്‍ഗ്രസ് എം.പി. ഇമ്രാന്‍ പ്രതാപ് ഘടിയും വിജയിച്ചു.

ഇന്ത്യ സഖ്യം നിലവില്‍ വന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പാക്കാന്‍ സഖ്യത്തിനായി. ബി.ആര്‍.എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ഇന്ത്യ സഖ്യത്തോടൊപ്പം നിന്നു. ബി.ജെ.പി മൂന്ന് പേരെ മത്സരപ്പിച്ചെങ്കിലും രണ്ട് പേരെ മാത്രമേ വിജയിപ്പിക്കാന്‍ സാധിച്ചുള്ളൂ.

എ.എ. റഹീമിന് നാല്‍പത്തി ഒന്‍പതും ഇമ്രാന്‍ പ്രതാപ് ഘടിക്ക് അന്‍പത്തി മൂന്നും വോട്ടുകള്‍ ലഭിച്ചു. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടും നാല്‍പതില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി പ്രതിനിധികള്‍ക്ക് ലഭിച്ചത്.

സര്‍വകലാശാലയുടെ പരമോന്നത ഭരണ സമിതിയാണ് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ട്. നിയമം, ചട്ടങ്ങള്‍, ഓര്‍ഡിനന്‍സുകള്‍ സര്‍വകലാശാലയുടെ എല്ലാ അധികാരങ്ങളും നിയന്ത്രിക്കുന്നത് എ.എം.യു കോര്‍ട്ടാണ്. ഇതില്‍ രാജ്യസഭാ എം.പിമാര്‍ക്കായി നാമനിര്‍ദേശം ചെയ്ത ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: India alliance defeats BJP in Aligarh Muslim University court election