ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ത്യാ സഖ്യം. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഗവര്‍ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
മതേതരത്വം (സെക്യുലറിസം) എന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നുമാണ് ആര്‍.എന്‍. രവി കഴിഞ്ഞ ദിവസം പറഞ്ഞത്. മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് ഇന്ത്യാ സഖ്യം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ പരാമര്‍ശം അതിരുകടന്നതാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഒരാളാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇത് അപമാനകരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘മതേതരത്വത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും മഹാത്മാഗാന്ധി, അംബേദ്ക്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ആശയത്തിനും എതിരാണ്,’ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.
ആര്‍.എന്‍. രവിയുടെ പരാമര്‍ശം കാവി ആശയത്തില്‍ പൊതിഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്നാട് ഗവര്‍ണര്‍ മതേതരത്വം ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണെന്നും ഇന്ത്യയില്‍ അതിന് സ്ഥാനമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വമെന്ന ആശയം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണെന്നും ഭരണഘടനയെ കുറിച്ച് അറിയില്ലെങ്കില്‍ ഗവര്‍ണര്‍ അത് പഠിക്കണമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.
മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു. നാളെ ഇന്ത്യന്‍ ഭരണഘടനയും ഒരു സങ്കല്‍പ്പമാണെന്ന് ഗവര്‍ണര്‍ പറയുമെന്നും ബൃന്ദ പറഞ്ഞു. ഭരണഘടന ഒരു സങ്കല്‍പ്പം മാത്രമാണെന്നണ് ആര്‍.എസ്.എസിന്റെ ധാരണയെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.
കന്യാകുമാരിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് തമിഴ്‌നാട് ഗവര്‍ണര്‍ മതേതരത്വത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്. യൂറോപ്പില്‍ ക്രിസ്ത്യന്‍ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം ഉയര്‍ന്നുവന്നതെന്നായിരുന്നു തമിഴ്നാട് ഗവര്‍ണറുടെ വാദം.
ഭാരതം ധര്‍മത്തില്‍ നിന്നാണ് ജന്മംകൊണ്ടിട്ടുള്ളതാണ്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുക, അപ്പോള്‍ ഇന്ത്യയില്‍ മതേതരത്വത്തിന്റെ ആവശ്യകതയെന്താണെന്നും ആര്‍.എന്‍. രവി ചോദിച്ചിരുന്നു.
Content Highlight: India alliance against TamilNadu Governor R.N.Ravi’s controversial remarks of secularism