ന്യൂദല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലും ആളപായമുണ്ടായെന്ന് ഇന്ത്യ. ചര്‍ച്ച ചെയ്ത് വിഷത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ചൈന ഏകപക്ഷീയമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യ ആരോപിച്ചു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെന്നാണ് ചൈന ആരോപിക്കുന്നത്.
ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാസലയം സ്ഥിരീകരിച്ചിട്ടുണ്ട്. എത്ര ചൈനീസ് സൈനികര്‍ മരിച്ചുവെന്ന് വ്യക്തമായിട്ടില്ല.
ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രസ്താവനയുടെ പൂര്‍ണരൂപം
”കിഴക്കന്‍ ലഡാക്കിന്റെ അതിര്‍ത്തിപ്രദേശത്ത് ഇരുസേനകളും പിന്‍മാറാനുള്ള നടപടികള്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ വിശദമായി ചര്‍ച്ച ചെയ്ത് വരികയായിരുന്നു.
ജൂണ്‍ 6, 2020-ന് ഇരുസൈന്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്ന്, സൈനികരെ മേഖലയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ മേഖലയില്‍ പരസ്പരം യോഗം ചേര്‍ന്ന്, എങ്ങനെ സൈന്യത്തെ പിന്‍വലിക്കാമെന്നതില്‍ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി വരികയായിരുന്നു.
ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ചൈന ഈ ധാരണ അംഗീകരിച്ചില്ല. മാത്രമല്ല, ഗാല്‍വന്‍ താഴ്‌വരയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്ന നിയന്ത്രണരേഖയെ മാനിക്കുകയും ചെയ്തില്ല.
ജൂണ്‍ 15 2020-ന് വൈകിട്ടും, രാത്രിയുമായി ഇരുസൈന്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ചൈന അതിര്‍ത്തി ധാരണ ലംഘിച്ച്, ഈ അതിര്‍ത്തി മാറ്റാന്‍ ശ്രമം നടത്തിയതോടെയായിരുന്നു ഇത്. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയര്‍ന്ന നയതന്ത്ര, സൈനിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കില്‍ ഈ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു.
അതിര്‍ത്തിയുമായി ബന്ധപ്പെട്ട്, ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്തമുള്ള നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനകത്ത് തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും തുടരേണ്ടതിന്റെ ആവശ്യകതയില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. അതേസമയം, ഇന്ത്യ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് തന്നെ നിലനില്‍ക്കും”.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ