മഞ്ഞുരുകുന്നു?; മലേഷ്യയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്
COVID-19
മഞ്ഞുരുകുന്നു?; മലേഷ്യയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th April 2020, 7:05 pm

കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് മലേഷ്യയ്ക്ക് നല്‍കാന്‍ തീരുമാനിച്ച ഇന്ത്യ. മരുന്ന് നല്‍കണമെന്ന അപേക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് മലേഷ്യന്‍ വിദേശകാര്യ സഹമന്ത്രി കമറുദ്ദീന്‍ ജാഫര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മലേറിയെ പ്രതിരോധിക്കുന്ന ഈ മരുന്ന് നല്‍കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള സാധ്യമായ ആയുധമായി മരുന്നിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ആവശ്യക്കാരേറിയതെന്നാണ് റിപ്പോര്‍ട്ട്.

89,100 ഹെഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ മലേഷ്യയ്ക്ക് നല്‍കാമെന്നാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നത്. ലഭ്യത കണക്കിലെടുത്ത് ഇന്ത്യയില്‍നിന്ന് കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യാനാണ് മലേഷ്യ ശ്രമിക്കുന്നതെന്ന് കമറുദ്ദീന്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

മരുന്നുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 14ന് ഇന്ത്യ മറുപടി നല്‍കിയെന്നാണ് മലേഷ്യന്‍ അധികാരികള്‍ വ്യക്തമാക്കുന്നത്. ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മലേഷ്യയ്ക്ക് ഇന്ത്യ മരുന്ന നല്‍കാന്‍ സമ്മതിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ മാറ്റങ്ങള്‍ല വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്മീര്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണം, കഴിഞ്ഞ 70 വര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലിങ്ങള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണെന്നുമായിരുന്നു പൗരത്വ നിയമത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതിനു ശേഷമാണ് മലേഷ്യയില്‍ നിന്നുമുള്ള വ്യാപര ബന്ധങ്ങളില്‍നിന്നും ഇന്ത്യ പിന്നോട്ടു പോയത്.

ഹൈഡ്രോക്സിക്ലോറോക്വിന്റെ വിതരണം ഇന്ത്യ കഴിഞ്ഞ മാസം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ