ന്യൂദല്‍ഹി: ടീസ്ത സെതല്‍വാദിന്റെ അറസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യു.എന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയില്‍ യു.എന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു.
‘ടീസ്ത സെതല്‍വാദിനും മറ്റ് രണ്ട് വ്യക്തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകള്‍ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്,’ ഇന്ത്യ പറഞ്ഞു.
രാജ്യത്ത് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ നിയമനിര്‍മാണങ്ങള്‍ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.
‘ ഇന്ത്യയിലെ അധികാരികള്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ സ്ഥാപിതമായ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം നിയമ നടപടികളെ ആക്ടിവിസത്തിനുവേണ്ടിയുള്ള പീഡനമായി മുദ്രകുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും സ്വീകരിക്കാനാകില്ല,’ ഇന്ത്യ വ്യക്തമാക്കി.
വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേതെന്നും മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും യു.എന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
യു.എന്നിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മേരി ലോവര്‍ ആണ് വിഷയത്തില്‍ പ്രതികരിച്ചത്.
‘വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല.
അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു,’ മേരി ലോവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.
മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്നാണ് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്.
2002ല്‍ നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് വംശഹത്യ കേസില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കി എന്ന രീതിയില്‍ മൂവര്‍ക്കുമെതിരെ ഗുജറാത്ത് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സിലും ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റിനെ അപലപിച്ചും ഗുജറാത്ത് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, എന്നാണ് ഔദ്യോഗിക കണക്ക്.
Content Highlight: India against Un human right council over arrest of teesta setalvad