ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ യു.എന്‍.ജി.എ പ്രസംഗത്തെ വിമര്‍ശിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ മുന്നോട്ട് വെക്കുന്ന നിലപാടുകള്‍ കപടമാണെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ജമ്മു കശ്മീരിനെ ഫലസ്തീനുമായി താരതമ്യപ്പെടുത്തി കൊണ്ട് നടത്തിയ പ്രസംഗത്തെയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞ ഭാവിക മംഗളാനന്ദന്‍ വിമര്‍ശിച്ചത്.
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായും ഇന്ത്യയുടെ പ്രദേശത്തെ കീഴ്‌പ്പെടുത്താനായി തീവ്രവാദത്തെ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെയും തള്ളിക്കളയുന്നതായും ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയില്ലെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.
അയല്‍രാജ്യങ്ങള്‍ക്കെതിരായുള്ള ആയുധമായി പാക്കിസ്ഥാന്‍ പണ്ട് മുതലേ ഭീകരവാദം ഉപയോഗിക്കുന്നത് എല്ലാ രാജ്യങ്ങള്‍ക്കും അറിയാമെന്നും ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
‘ഇന്ത്യന്‍ പാര്‍ലമെന്റ് ഉള്‍പ്പെടെ, മുംബൈ, രാജ്യത്തെ പ്രധാന തെരുവുകള്‍, തീര്‍ത്ഥാടന പാതകള്‍ എന്നിവിടങ്ങളെയെല്ലാം പാക്കിസ്ഥാന്‍ ആക്രമിച്ചിട്ടുണ്ട്. അത്തരമൊരു രാജ്യം ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുന്നത് തന്നെ കാപട്യമാണ്,’ ഭാവിക മംഗളാന്ദന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം കാണിച്ച ചരിത്രമുള്ള രാജ്യം ജനാധിപത്യത്തെ കുറിച്ചും രാഷ്ട്രീയ തെരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കുന്നത് അസാധരാണമാണെന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
യു.എന്‍.ജി.എയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിനെ ഫലസ്തീനുമായി താരതമ്യപ്പെടുത്തി കൊണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പരാമര്‍ശം നടത്തിയിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നൂറ്റാണ്ടോളം പോരാടിയെന്നും ജമ്മു കശ്മിരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിയമം ഇന്ത്യ പിന്‍വലിക്കണമെന്നുമായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ പരാമര്‍ശം. കൂടാതെ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ പ്രമേയങ്ങളില്‍ കശ്മീരി ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായ ചര്‍ച്ചകള്‍ നടത്തണമെന്നും ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇസ്‌ലാബാദിന്റെ മ്യൂച്ചല്‍ സ്ട്രാറ്റജിക് പ്രൊപ്പോസല്‍ ഇന്ത്യ നിരസിച്ചുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ആസാദ് കശ്മീര്‍ എന്ന് പാക്കിസ്ഥാന്‍ വിശേഷിപ്പിക്കുന്ന നിയന്ത്രണ രേഖ ഇന്ത്യന്‍ നേതൃത്വം കടക്കുന്നതായും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു.
എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശഹത്യയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന പീഡനവും ഇന്ത്യ പരാമര്‍ശിച്ചു. പാക്കിസ്ഥാന് ഭീകരവാദികളുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്റെ മുന്‍കാല ബന്ധങ്ങള്‍ ഇവ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഇവയിലൂടെയെല്ലാം പാക്കിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ലോകത്തിന് കാണാന്‍ സാധിക്കുമെന്നും ഇന്ത്യ പറഞ്ഞു.
അതിനാല്‍ തന്നെ ഷെഹബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ സ്വീകാര്യമല്ലെന്നും പരിഹാസ്യപരമാണെന്നും ഇന്ത്യ വിശേഷിപ്പിച്ചു. സത്യത്തെ നുണകള്‍ ഉപയോഗിച്ച് നേരിടാനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.
Content Highlight: india against pakisthan prime minister in UN for comparing kashmir with palastine