ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ചൈന-പാക് സംയുക്ത പ്രസ്താവന തള്ളി ഇന്ത്യ. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക് സന്ദര്‍ശനത്തിനു ശേഷമുണ്ടായ സംയുക്ത പ്രസ്താവനയാണ് ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഇന്ന് അറിയിച്ചത്.
”ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക് സന്ദര്‍ശനത്തിനു ശേഷം ജമ്മു-കശ്മീര്‍ വിഷയത്തില്‍ പുറത്തുവന്ന ചൈന-പാക് സംയുക്ത പ്രസ്താവന ഞങ്ങള്‍ നിരസിക്കുന്നു. ജമ്മു-കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.” രവീഷ് കുമാര്‍ പറഞ്ഞു.
കശ്മീര്‍ ‘ചരിത്രത്തില്‍ അവശേഷിക്കുന്ന തര്‍ക്കമായി തുടരും’ എന്നായിരുന്നു ചൈന-പാക് സംയുക്ത പ്രസ്താവന.
ചൈനയുടെയും പാകിസ്താന്റെയും ‘സാമ്പത്തിക ഇടനാഴി’യായ പാക് അധിനിവേശ കാശ്മീരിലൂടെ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും മേഖലയിലെ പ്രശ്നത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തുപോരുന്നതാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യി പാകിസ്താന്‍ സന്ദര്‍ശിക്കാനായെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറച്ചതാണെന്നും തകര്‍ക്കാന്‍ കഴിയാത്തതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
പരസ്പര ബഹുമാനത്തോടെയും തുല്ല്യതയോടെയും പ്രശ്നം പരിഹരിക്കണമെന്നും അതിനായി പാകിസ്താന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു എന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.