കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനാകാതെ ഇന്ത്യ; അടുത്ത രണ്ടാഴ്ച കൊണ്ട് ബ്രസീലിനെ മറികടന്നേക്കും; 80000ത്തോടടുത്ത് ഒറ്റ ദിവസത്തെ രോഗികള്‍
India
കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താനാകാതെ ഇന്ത്യ; അടുത്ത രണ്ടാഴ്ച കൊണ്ട് ബ്രസീലിനെ മറികടന്നേക്കും; 80000ത്തോടടുത്ത് ഒറ്റ ദിവസത്തെ രോഗികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd September 2020, 10:50 am

 

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താനാകാതെ ഇന്ത്യ. 78,357 പേര്‍ക്കാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുകൂടിയാണ് ഇത്. അമേരിക്കയ്ക്ക് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്.

1045 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. 37,69,523 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് കേസുകളുടെ എണ്ണം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ബ്രസീലിനെ പിന്തള്ളുമെന്നാണ് ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ തരുന്ന സൂചന. 39 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രസീലില്‍ ഇന്നലെ 42,659 പേര്‍ക്കാണ് ഇന്നലെ ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1215 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

4.43 കോടി കൊവിഡ് ടെസ്റ്റുകള്‍ സെപ്റ്റംബര്‍ ഒന്ന് വരെ രാജ്യത്ത് നടത്തിയിട്ടുണ്ടെന്നാണ് ഐ.സി.എം.ആര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 10,12,367 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 15,765 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 8.8 ലക്ഷം ആളുകള്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: India again records over 78,000 new Covid-19 cases, tally crosses 3.76 million