| Wednesday, 17th August 2016, 4:25 pm

ഇന്ത്യ വീണ്ടും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാം റാങ്കില്‍. കരുത്തരായ ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഒന്നാമതെത്തിയത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും തോല്‍വി പിണഞ്ഞതാണ് ഓസീസിന് തിരിച്ചടിയായത്. അതേസമയം ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഓസീസ് (108) മൂന്നാം സ്ഥാനത്തേക്കും ഇംഗ്ലണ്ട് (108) നാലാം സ്ഥാനത്തേക്കും വീണു. പുതിയ റാങ്കിങ്ങ് അനുസരിച്ച് ഇന്ത്യയ്ക്ക് 112 പോയിന്റും പാകിസ്ഥാന് 111 പോയിന്റുമാണുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകും. ടെസ്റ്റ് സമനിലയിലായാല്‍ 110 പോയിന്റോടെ രണ്ടാം സ്ഥാനത്തും തോറ്റാല്‍ 108 പോയിന്റോടെ നാലാം സ്ഥാനത്തുമാകും ഇന്ത്യ. പകരം പാകിസ്ഥാന്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറും.

118 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്ന ഓസീസ് ലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ടു. മൂന്നാം ടെസ്റ്റില്‍ 163 റണ്‍സിനാണ് ഓസീസ് തോറ്റത്. നേരത്തെ ആദ്യ ടെസ്റ്റ് 106 റണ്‍സിനും രണ്ടാം ടെസ്റ്റ് 229 റണ്‍സിനും ഓസീസ് അടിയറവെച്ചിരുന്നു. തോല്‍വിയോടെ 10 റേറ്റിങ് പോയിന്റുകളാണ് ഓസീസിന് നഷ്ടമായത്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടന്ന പരമ്പര 2-2 ന് സമനിലയില്‍ എത്തിച്ചതാണ് പാകിസ്ഥാനെ മുന്നേറാന്‍ സഹായിച്ചത്.

ഈ വര്‍ഷം ആദ്യം ഇന്ത്യയെ മറികടന്നായിരുന്നു ഓസീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതിനുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയ്ക്ക് ഒന്നാം റാങ്കിലേക്കുള്ള തിരിച്ചുവരവ്.

ഓസീസിനെതിരായ പരമ്പര ജയത്തോടെ പത്ത് റേറ്റിങ് പോയിന്റ് നേടിയ ലങ്ക (95) റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. 99 പോയിന്റുമായി ന്യൂസിലന്റാണ് അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (92), വെസ്റ്റ് ഇന്‍ഡീസ് (65), ബംഗ്ലാദേശ് (57), സിംബാബ്‌വെ (8) എന്നിവരാണ് ഏഴു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.

We use cookies to give you the best possible experience. Learn more