| Thursday, 28th February 2019, 8:13 am

വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നയതന്ത്രനീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കി. അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പാകിസ്ഥാന്റെ പ്രകോപനത്തിനെതിരെ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.


ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനോട് കാണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കരാര്‍ പാലിച്ച് വിട്ടയ്ക്കണമെന്നാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്. വ്യോമസേനയുടെ പ്രത്യേക പരിശീലനം നേടിയ സുര്യ കിരണ്‍ അംഗമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്‍.

അതേസമയം, അഭിനന്ദിന്റെ വീഡിയോ ദൃശ്യം പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ടിരുന്നു. പാക് മാധ്യമമായ ദ ഡോണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.


പാക് സൈനിക ഓഫീസര്‍മാര്‍ തന്നെ നന്നായി നോക്കിയെന്നും ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ക്യാപ്റ്റന്‍ മുതല്‍ എന്നെ കൊണ്ടുപോയ യൂണിറ്റിലെ ഓഫീസര്‍മാര്‍ വരെ നല്ല ആളുകളാണെന്നും വീഡിയോയില്‍ അഭിനന്ദ് പറഞ്ഞിരുന്നു.

അതേസമയം, അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എയര്‍മാര്‍ഷലും നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് വിങ് കമാന്‍ഡ് അഭിനന്ദന്‍ വര്‍ധമാന്‍.

We use cookies to give you the best possible experience. Learn more