| Friday, 12th July 2024, 1:30 pm

ഉക്രൈനിലെ ആക്രമണം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന പ്രമേയം; യു.എൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിയവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വോട്ട് ചെയ്യാതെ വിട്ടുനിന്ന് ഇന്ത്യ. ഉക്രൈനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും സപ്പോരിജിയ ആണവനിലയത്തില്‍ നിന്ന് റഷ്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്നുമാണ് അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇതില്‍ നിന്നും വിട്ട് നില്‍ക്കുന്ന നടപടിയാണ് ഇന്ത്യ സ്വീകരിച്ചത്. 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 99 അംഗങ്ങളുടെ വോട്ടോടെ പ്രമേയം പാസായി.

ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഈജിപ്ത്, നേപ്പാള്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബെലാറസ്, ക്യൂബ, ഉത്തര കൊറിയ, റഷ്യ, സിറിയ എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുകയും ചെയ്തു.

സപ്പോരിജിയ ആണവ നിലയത്തിന്റെ സുരക്ഷ ഉള്‍പ്പടെ കണക്കിലെടുത്ത് ഉക്രൈനിലെ ആക്രമണം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

ഉക്രൈനിലെ എല്ലാ ആണവ നിലയങ്ങളില്‍ നിന്നും സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഉക്രൈനാണ് പ്രമേയം അവതരിപ്പിച്ചത്.

നേരത്തെ ഗസയിലെ വെടിനിര്‍ത്തല്‍ പ്രമേയത്തില്‍ നിന്നും സമാനമായ രീതിയില്‍ ഇന്ത്യ വിട്ടുനിന്നിട്ടുണ്ട്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചിരുന്നു. പുടിനെ ആലിം​ഗനം ചെയ്ത് മോദി പങ്കുവെച്ച ചിത്രത്തിനെതിരെയാണ് വിമർശനവുമായി സെലൻസ്കി രം​ഗത്തെത്തിയത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തലവന്‍ ഒരു ക്രിമിനലിനെ ആലിംഗനം ചെയ്യുകയാണെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ ക്രിമിനലിനെ റഷ്യയില്‍ വെച്ച് ആലിംഗനം ചെയ്യുന്നതുകാണുമ്പോള്‍ നിരാശ തോന്നുന്നു. ഇത് സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കേറ്റ വലിയ പ്രഹരമാണ്,’ സെലന്‍സ്‌കി പറഞ്ഞു.

കിയവിലെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ 37 പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് സെലന്‍സ്‌കിയുടെ വിമര്‍ശനം. അഞ്ച് നഗരങ്ങളെ ലക്ഷ്യം വെച്ച് നാല്‍പ്പതിലധികം മിസൈലുകളാണ് ഉക്രൈനിലേക്ക് റഷ്യ തൊടുത്തുവിട്ടതെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മോദിക്കെതിരെ സെലന്‍സ്‌കി എക്സില്‍ പ്രതികരിച്ചത്. ഉക്രൈയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം മോദി ആദ്യമായാണ് ഈ മാസം റഷ്യ സന്ദർശിച്ചത്.

Content Highlight: India abstains on UN resolution on Ukraine

We use cookies to give you the best possible experience. Learn more