'ഹമാസിന്റേത് ഭീകരാക്രമണമെന്ന പരാമര്‍ശമില്ല'; യു.എന്നിന്റെ ഗസ വെടിനിര്‍ത്തല്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ
World News
'ഹമാസിന്റേത് ഭീകരാക്രമണമെന്ന പരാമര്‍ശമില്ല'; യു.എന്നിന്റെ ഗസ വെടിനിര്‍ത്തല്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 10:44 am

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ – ഹമാസ് യുദ്ധത്തിന്‍ ഉടനടി മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യു.എന്‍ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. പ്രമേയത്തില്‍ ഹമാസിനെ കുറിച്ച് പരാമര്‍ശിക്കാത്തതിനാലാണ് ഇന്ത്യ വോട്ടെടുപ്പില്‍ വിട്ടുനിന്നത്.

ജോര്‍ദാന്‍ അവതരിപ്പിച്ച കരട് പ്രമേയത്തില്‍ ഗസ മുനമ്പില്‍ തടസ്സങ്ങളില്ലാതെ പ്രവേശനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹമാസിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ജപ്പാന്‍, ഉക്രൈന്‍, യു.കെ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

സിവിലിയന്‍മാരുടെ സംരക്ഷണവും നിയമപരവും മാനുഷികമായ ബാധ്യതകളും ഉയര്‍ത്തിപ്പിടിക്കുക എന്ന തലക്കെട്ടോടെയുള്ള പ്രമേയത്തെ 120 രാജ്യങ്ങള്‍ അനുകൂലിച്ചും 14 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. 45 രാജ്യങ്ങള്‍ വിട്ടുനിന്നു.

ഹമാസിന്റെ ഭീകരാക്രമണത്തെ കുറിച്ചുള്ള ഖണ്ഡിക ഉള്‍പ്പെടുത്തണമെന്ന ഭേദഗതി കാനഡ നിര്‍ദ്ദേശിച്ചു. ഇന്ത്യ ഉള്‍പ്പടെ 87 രാജ്യങ്ങള്‍ ഈ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 55 രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വിട്ടുനിന്നു. ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇത് അംഗീകരിച്ചില്ല.

ഒക്ടോബര്‍ എഴിന് നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും അപലിപ്പിക്കേണ്ടതുമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്‌ന പട്ടേല്‍ പറഞ്ഞു. ഇന്ത്യയുടെ ചിന്തകള്‍ ബന്ദികളോടൊപ്പമാണെന്നും അവരെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘അതിരുകളോ വംശമോ ദേശമോ ഇല്ലാത്ത മാരകമായ വിപത്താണ് തീവ്രവാദം. ഭീകര പ്രവര്‍ത്തനങ്ങളുടെ ഒരു ന്യായീകരണത്തിനും ലോകം വിലകൊടുക്കരുത്. നമുക്ക് ഭിന്നതകള്‍ മാറ്റിവെച്ച് ഐക്യപ്പെടാം ഭീകരതയോട് സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കാം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ മാനുഷിക പ്രതിസന്ധി പരിഹരിക്കേണ്ടതുണ്ട്. ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയും ഈ ശ്രമത്തില്‍ സംഭാവന ചെയ്തിട്ടുണ്ട്,’ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അവര്‍ പറഞ്ഞു.

content highlight:India abstains from UN vote calling for truce in Israel without mentioning Hamas