| Saturday, 6th April 2024, 9:54 am

ഇസ്രഈലിനുള്ള ആയുധ വിതരണം വിലക്കണമെന്ന യു.എന്‍ പ്രമേയം; വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഇസ്രഈലിനുള്ള ആയുധ വിതരണത്തില്‍ നിന്ന് രാജ്യങ്ങളെ വിലക്കണമെന്നുമുള്ള യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ട് നിന്നെങ്കിലും പ്രമേയം യു.എന്‍ പാസാക്കി.

ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ നേരത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ ആയുധ വിതരണം നിര്‍ത്തണമെന്ന ആവശ്യമാണ് ഇന്ത്യ അനുകൂലിക്കാതിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അദാനിയുടെ ഉടമസ്ഥതയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡ്രോണ്‍ നിര്‍മാണ സ്ഥാപനത്തില്‍ നിന്ന് 20 ഹെര്‍നിസ് ഡ്രോണുകള്‍ ഇസ്രഈലിന് ഇന്ത്യ കൈമാറിയതായി കഴിഞ്ഞ ഫെബ്രുവരിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ ഡ്രോണുകള്‍ ഗസക്കെതിരെ ഇസ്രഈല്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇതാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ 47 അംഗ കൗണ്‍സിലില്‍ 28 പേര്‍ അനുകൂലിച്ചതിനെ തുടര്‍ന്ന് പ്രമേയം പാസാക്കാന്‍ സാധിച്ചു. ഇന്ത്യയടക്കം 13 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. അമേരിക്കയും ജര്‍മനിയും ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

പ്രമേയം പാസാക്കിയെങ്കിലും ഈജിപ്റ്റ് കേന്ദ്രീകരിച്ച് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസയില്‍ സിവിലിയന്‍മാരെ പട്ടിണിക്കിടുന്ന യുദ്ധ രീതിയാണ് ഇസ്രഈല്‍ തുടരുന്നതെന്ന് കൗണ്‍സില്‍ പ്രമേയത്തില്‍ പറഞ്ഞു. യു.എന്‍ ഉത്തരവിട്ട അന്വേഷണങ്ങളോട് സഹകരിക്കാന്‍ ഇസ്രഈല്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

ആറ് മാസങ്ങള്‍ പിന്നിടുകയും 33,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തില്‍ ഇതാദ്യമായാണ് യു.എന്‍ ഇസ്രഈലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയുന്നതിന് വോട്ടെടുപ്പ് അത്യാവശ്യമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

യു.എന്‍ നടപടി മനുഷ്യാവകാശ കൗണ്‍സിലിനേറ്റ കളങ്കമാണെന്നാണ് ജനീവയിലെ യു.എന്നിലെ ഇസ്രഈല്‍ അംബാസഡര്‍ മീരവ് ഐലോണ്‍ ഷഹര്‍ പ്രതികിച്ചത്. കാനഡ, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, സ്‌പെയിന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തിയെങ്കിലും അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധം നല്‍കുന്നത് തുടര്‍ന്നിരുന്നു.

Content Highlight: India abstains as UN body seeks arms embargo on Israel

We use cookies to give you the best possible experience. Learn more