'ഉയിഗ്വര്‍ മുസ്‌ലിം വിഷയത്തില്‍ ചര്‍ച്ച'; യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ
World News
'ഉയിഗ്വര്‍ മുസ്‌ലിം വിഷയത്തില്‍ ചര്‍ച്ച'; യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2022, 8:11 am

ന്യൂയോര്‍ക്ക്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്നതിന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (UN Human Rights Council) അവതരിപ്പിച്ച കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു.

ഇന്ത്യക്ക് പുറമെ ഉക്രൈന്‍, ബ്രസീല്‍, മെക്‌സിക്കോ അടക്കം 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഈ 11 രാജ്യങ്ങള്‍ക്ക് പുറമെ 19 രാജ്യങ്ങള്‍ കരട് പ്രമേയത്തിന് എതിരായി നിലപാടെടുക്കുകയും ചെയ്തതോടെ പ്രമേയം പാസായില്ല. 47 അംഗ കൗണ്‍സിലിലെ 17 അംഗ രാജ്യങ്ങള്‍ മാത്രമായിരുന്നു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, പാകിസ്ഥാന്‍, ഖത്തര്‍, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തു.

‘ചൈനയിലെ ഷിന്‍ജിയാങ് ഉയിഗ്വര്‍ സ്വയംഭരണ മേഖലയിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുക’ (holding a debate on the situation of human rights in the Xinjiang Uyghur Autonomous Region of China) എന്ന പേരിലായിരുന്നു കരട് പ്രമേയം അവതരിപ്പിച്ചിരുന്നത്.

കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളുള്‍പ്പെട്ട സംഘമായിരുന്നു കരട് പ്രമേയം അവതരിപ്പിച്ചത്. തുര്‍ക്കി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയാവതരണത്തെ പിന്തുണച്ചിരുന്നു.

2017 മുതല്‍ തന്നെ ഉയിഗ്വറുകള്‍ക്കും ചൈനയിലെ മറ്റ് പ്രധാന മുസ്‌ലിം കമ്മ്യൂണിറ്റികള്‍ക്കുമെതിരായ ഭരണകൂടത്തിന്റെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ ആരോപണങ്ങള്‍ യു.എന്‍ മനുഷ്യാവകാശ ഓഫീസിന്റെ ശ്രദ്ധയില്‍ പെട്ട് തുടങ്ങിയിരുന്നു.

‘പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍’ (re-education camps) എന്ന പേരില്‍ ചൈന നടത്തുന്ന സംവിധാനത്തില്‍ പത്ത് ലക്ഷത്തിലധികം ഉയിഗ്വറുകള്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിവിധ മനുഷ്യാവകാശ സംഘടനകള്‍ വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ മാസമായിരുന്നു ഷിന്‍ജിയാങ്ങില്‍ നിന്നുള്ള മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ കുറിച്ച് യു.എന്നിന്റെ മുന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബഷേലെറ്റ് (Michelle Bachelet) റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യു.എന്നിന്റെ മനുഷ്യാവകാശ ഓഫീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ബഷേലെറ്റിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങളും മറ്റ് മുസ്‌ലിം എത്നിക് ഗ്രൂപ്പുകളും നേരിടുന്ന മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏറെക്കാലമായി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ചൈനയുടെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പും നിലനിന്നിരുന്നു.

റിപ്പോര്‍ട്ട് മാസങ്ങളായി തയാറായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് പുറത്തുവിടാന്‍ സാധിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മിഷേല്‍ ബഷേലെറ്റ് പ്രതികരിച്ചിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട് ചൈന രംഗത്തെത്തിയിരുന്നു.

Content Highlight: India abstained from voting in UN Human Rights Council on holding a debate on the treatment of Uyghur Muslims in China