ന്യൂയോര്‍ക്ക്: റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി നടത്തിയ വോട്ടെടുപ്പില്‍ നിന്നും വീണ്ടും വിട്ടുനിന്ന് ഇന്ത്യ.
റഷ്യന്‍ ആക്രമണം കാരണം ഉക്രൈനിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് റഷ്യ ഉക്രൈന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തിന്മേല്‍ അവതരിപ്പിച്ച കരട് പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടുനിന്നത്.
ഉക്രൈനില്‍ അധിനിവേശം നടത്തുക വഴി റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു. Furtherance of remedy and reparation for aggression against Ukraine എന്ന പ്രമേയം ഉക്രൈനാണ് 193 അംഗ സഭയില്‍ തിങ്കളാഴ്ച അവതരിപ്പിച്ചത്.
94 അംഗരാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 14 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 73 അംഗരാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
റഷ്യ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. റഷ്യക്ക് പുറമെ ചൈന, ക്യൂബ, ഉത്തര കൊറിയ, ബെലാറസ്, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഭൂട്ടാന്‍, ബ്രസീല്‍, ഈജിപ്ത്, ഇന്തോനേഷ്യ, ഇസ്രഈല്‍, നേപ്പാള്‍, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന വിട്ടുനിന്നു.
സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഒരു നഷ്ടപരിഹാര പ്രക്രിയ സഹായകമാകുമോ എന്നാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് കൊണ്ട് ഇന്ത്യ പ്രതികരിച്ചത്.
”ജനറല്‍ അസംബ്ലിയിലെ വോട്ടെടുപ്പിലൂടെയുള്ള നഷ്ടപരിഹാര പ്രക്രിയ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സഹായകമാകുമോ എന്ന് നമ്മള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, ഒരു പൊതു അസംബ്ലി പ്രമേയത്തിലൂടെ അത്തരമൊരു കാര്യം ചെയ്യുന്നതിന്റെ നിയമപരമായ സാധുത വ്യക്തമല്ല,” യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് (Ruchira Kamboj) പറഞ്ഞു.
റഷ്യ ഉക്രൈനില്‍ തങ്ങളുടെ ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍’ ആരംഭിച്ചത് മുതല്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ട മിക്കവാറും എല്ലാ പ്രമേയ വോട്ടെടുപ്പുകളില്‍ നിന്നും നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
റഷ്യയുടെ അനക്‌സേഷനെതിരെ ഒക്ടോബര്‍ ആദ്യവാരം യു.എന്നില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും ഇന്ത്യയും പാകിസ്ഥാനും ചൈനയും ക്യൂബയും വിട്ടുനിന്നിരുന്നു.
കിഴക്കന്‍ ഉക്രൈനിലെ ഡൊനെറ്റ്‌സ്‌ക് (Donetsk), ലുഹാന്‍സ്‌ക് (Luhansk), സപ്പോരിഷ്യ (Zaporizhzhia), കെര്‍സണ്‍ (Kherson) എന്നീ പ്രവിശ്യകള്‍ തങ്ങളുമായി കൂട്ടിച്ചേര്‍ത്ത റഷ്യയുടെ നടപടിക്കെതിരെയായിരുന്നു വോട്ടെടുപ്പ്.
അനധികൃതമായാണ് ഈ നാല് പ്രദേശങ്ങള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ത്തതെന്ന് നിരീക്ഷിച്ച് കൊണ്ടും അനക്സേഷനെ അപലപിച്ച് കൊണ്ടുമായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലി വോട്ടെടുപ്പ് നടത്തിയത്.
193 അംഗ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 143 അംഗരാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചുകൊണ്ടും അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന 35 രാജ്യങ്ങളില്‍ 19 എണ്ണവും ആഫ്രിക്കന്‍ രാജ്യങ്ങളായിരുന്നു.
റഷ്യ ഉക്രൈന് നേരെ ആക്രമണമാരംഭിച്ചതിന് തൊട്ടുപിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ റഷ്യയ്ക്കെതിരായി യു.എന്‍ രക്ഷാസമിതി കൊണ്ടുവന്ന ‘ഉക്രൈന്‍ പ്രമേയ’ത്തെയും ഇന്ത്യ അനുകൂലിച്ചിരുന്നില്ല.
ഉക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിക്കാതിരുന്നത്. യു.എസും അല്‍ബേനിയയും ചേര്‍ന്നായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നാണ് ഇന്ത്യ ഉക്രൈന് അനുകൂലമായ നടപടി സ്വീകരിക്കാതിരുന്നത്. റഷ്യയെ പിണക്കേണ്ട എന്ന നിലപാടിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇന്ത്യയ്ക്ക് പുറമെ ചൈനയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു.
അമേരിക്കന്‍ നയങ്ങളെ അംഗീകരിച്ചുപോന്നിരുന്ന യു.എ.ഇ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
റഷ്യയുടെ കടന്നുകയറ്റത്തില്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യം മുന്നോട്ടുവന്നപ്പോള്‍, വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
റഷ്യ പ്രമേയത്തെ വീറ്റോ ചെയ്തിരുന്നു. യു.എന്‍ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.
Content Highlight: India Abstained From UN General assembly Vote Seeking Russian Reparations To Ukraine