വെടിക്കെട്ട് ടോപ് ഓര്‍ഡര്‍; എമര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ എ
Sports News
വെടിക്കെട്ട് ടോപ് ഓര്‍ഡര്‍; എമര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ എ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th October 2024, 9:25 am

എമര്‍ജിങ് ഏഷ്യ കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് റണ്‍സിന് വിജയിച്ച് ഇന്ത്യ എ. ഒമാനിലെ അല്‍ അമീറാത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ഇന്ത്യ എ നേടിയത്. മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനാണ് സാധിച്ചത്.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. 35 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 44 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ 19 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടി.

അഭിഷേക് ശര്‍മ 22 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് അടിച്ചിട്ടത്. നാലാമനായി ഇറങ്ങിയ നെഹാല്‍ വദേര 25 റണ്‍സും നേടിയിരുന്നു. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്.

പാകിസ്ഥാന് വേണ്ടി സുഫിയാന്‍ മുഖീം രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മാത്രമല്ല മുഹമ്മദ് ഇമ്രാന്‍, സമന്‍ ഖാന്‍, അറഫാത്ത് മിന്‍ഹാസ്, ഖാസിം അക്രം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസിനെ ആറ് റണ്‍സിന് നഷ്ടപ്പെട്ടു. ശേഷം യാസിര്‍ ഖാന്‍ 33 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പാകിസ്ഥാന് വേണ്ടി മധ്യനിര ബാറ്റര്‍ അറഫാത്ത് മിന്‍ഹാസാണ് 41 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്.

ഖാസിം അക്രം 27 റണ്‍സ് നേടിയിരുന്നു. അവസാനഘട്ടത്തില്‍ അബ്ദുല്‍ സമദ് 25 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ മടങ്ങേണ്ടി വന്നപ്പോള്‍ അബ്ബാസ് 18 റണ്‍സും നേടി പുറത്താകാതെ നിന്നു. എന്നിരുന്നാലും ടീമിന് വിജയിക്കാന്‍ സാധിച്ചില്ല.

ഇന്ത്യക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ച വെച്ചത് അന്‍ഷുല്‍ കാംബോജ് ആണ്. 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് ആണ് താരം നേടിയത്. റാസിക് സലാം, നിഷാന്ത് സിന്ധു എന്നിവര്‍ രണ്ടു വിക്കറ്റുകളും നേടി.

നിലവില്‍ ബി ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടു പോയിന്റ് നേടിയിട്ടുണ്ട്. യു.എ.ഇ ആണ് രണ്ടു പോയിന്റുമായി നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.

Content Highlight: India A Won In First Match Of Emerging Asia Cup Against Pakistan