| Wednesday, 29th November 2023, 7:26 pm

മിന്നുമണിക്ക് മിന്നും ജയം; ഇന്ത്യ എ വുമണ്‍സ് ഇംഗ്ലണ്ടിനെ തകര്‍ത്തു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ എയും ഇംഗ്ലണ്ട് എയും തമ്മിലുള്ള വുമണ്‍സ് ടി-ട്വന്റി മത്സരത്തില്‍ നവംബര്‍ 29ന് വാംഖഡയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ പെണ്‍പുലികള്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ മലയാളികളുടെ സ്വന്തം മിന്നുമണിയുടെ നേതൃത്വത്തില്‍ ഇന്ത്യ മിന്നും വിജയമാണ് കൈവരിച്ചത്. മിന്നുവിന്റെ ക്യാപ്റ്റന്‍സിയിലെ കന്നി വിജയമാണ് ഇത്.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ദിനേശ് വൃന്ദ 22 പന്തില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 22 റണ്‍സ് നേടിക്കൊടുത്ത് മികച്ച തുടക്കമാണ് നല്‍കിയത്. ആറു പന്തില്‍ രണ്ടു ബൗണ്ടറി നേടിയ ഉമ ചേത്രി 9 റണ്‍സിന് പുറത്താക്കുകയായിരുന്നു. ദിഷ കസാട്ട് 32 പന്തില്‍ 25 റണ്‍സും ഗ്നാനാനന്ദ ദിവ്യ 20 പന്തില്‍ 22 റണ്‍സ് നേടിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. മധ്യനിര തകര്‍ന്നപ്പോള്‍ ക്രീസില്‍ വന്ന ആരുഷി ഗോയല്‍ 16 പന്തില്‍ 15 റണ്‍സും കനിക അഹൂജ 15 പന്തില്‍ 19 റണ്‍സും നേടിയതാണ് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായ മറ്റൊരു ഘടകം. അവസാന ഘട്ടത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ നായിക മിന്നുമണിക്ക് മൂന്നു പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇംഗ്ലണ്ടിനു വേണ്ടി ഫ്രേയ കെമ്പ് നാലു ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ചാര്‍ലി ഡീന്‍ നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി. ഹന്നാ ബാക്കര്‍ ഒഴികെയുള്ള ബൗളര്‍മാര്‍ക്ക് ഓരോ വിക്കറ്റുകളും വീതവും ലഭിച്ചു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ എട്ടു പന്തില്‍ 7 റണ്‍സ് നേടിയ ഗ്രേസ് സ്‌ക്രിവന്‍സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 17 പന്തില്‍ നാല് ബൗണ്ടറുകള്‍ നേടി മേഡി വില്ലേഴ്‌സ് 20 റണ്‍സ് നേടിയാണ് പുറത്തായത്. എന്നാല്‍ 41 പന്തില്‍ 52 റണ്‍സ് നേടി ഹോളി അറ്മിട്ടേജ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ നിര്‍ണായകഘട്ടത്തിലാണ് ഇന്ത്യന്‍ നായിക മിന്നുമണി മികച്ച ഒരു റിട്ടേണ്‍ ക്യാച്ചോടെ ഹോളിയെ പുറത്താക്കുന്നത്.

സെറെന്‍ സ്‌മെള്‍ 32 പന്തില്‍ 31 റണ്‍സ് നേടി ഇംഗ്ലണ്ടിന് ആത്മവിശ്വാസം കൊടുത്തെങ്കിലും കേശവി ഗൗതം വിക്കറ്റ് നേടി താരത്തെ കൂടാരത്തിലെ അയച്ചു. പിന്നീട് ഇംഗ്ലണ്ട് അടപടലം തകരുകയായിരുന്നു. നിര്‍ണായകഘട്ടത്തില്‍ മൂന്ന് റണ്‍സിന്റെ മിന്നും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കേശവി ഗൗതമിനും ശ്രേയങ്ക പാട്ടീലിന് രണ്ടു വിക്കറ്റും നേടാന്‍ കഴിഞ്ഞു. ക്യാപ്റ്റന്‍ മിന്നുമണി നിര്‍ണായകമായ വിക്കറ്റ് നേടിയതിനോടൊപ്പം മന്നത്ത് കഷ്യബ്, പ്രകാശിക നയിക് എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

Content Highlight: India Women’s (A) thrashed England

We use cookies to give you the best possible experience. Learn more