| Tuesday, 27th September 2022, 7:08 pm

തോല്‍പിക്കാന്‍ പരീക്ഷ നടത്തി ബി.സി.സി.ഐ; മുഴുവന്‍ മാര്‍ക്കും നേടി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് എ ടീമിനെതിരായ പരമ്പരയിലെ ഇന്ത്യ എ ടീമിനെ വിജയത്തിലേക്കെത്തിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ടീമിന്റെ ക്യാപ്റ്റന്‍ എന്ന അഗ്നിപരീക്ഷ അനായാസമാണ് സഞ്ജു പൂര്‍ത്തിയാക്കിയത്, അതോടൊപ്പം വിമര്‍ശകരുടെ വായ പൂര്‍ണമായും അടപ്പിക്കാനും സഞ്ജുവിനായി.

സ്ഥിരതയില്ല എന്നതാണ് സഞ്ജുവിനെതിരെയുണ്ടായിരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ കണ്‍സിസ്റ്റന്‍സി ഡിഫൈന്‍ ചെയ്യുന്ന പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്.

ഐ.പി.എല്ലില്‍ രാജസ്ഥാനെ മുന്നില്‍ നിന്നും നയിച്ച അതേ സഞ്ജുവിനെയാണ് ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും എതിരാളികള്‍ കണ്ടത്. ക്യാപ്റ്റന്‍സി എന്ന മുള്‍ക്കിരീടം തലയിലെടുത്ത് വെക്കുമ്പോള്‍ കളി മറക്കുന്ന പല താരങ്ങള്‍ക്കുമിടയില്‍ തന്റെ സ്വതസിദ്ധമായ ആക്രമണ ക്രിക്കറ്റിന്റെ പര്യായമായിരുന്നു സഞ്ജു.

വണ്‍ ടൈം വണ്ടറല്ല താനെന്നും തൊട്ടതെല്ലാം പൊന്നാക്കാനുള്ള കെല്‍പ് തനിക്കുണ്ടെന്നും അടിവരയിടുന്ന പ്രകടനമായിരുന്നു സഞ്ജു പുറത്തെടുത്തത്. ബാറ്റിങ്ങിലായാലും ക്യാപ്റ്റന്‍സിയിലായാലും സഞ്ജു ഒരുപോലെ തിളങ്ങുകയായിരുന്നു.

ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതിരുന്നതിന് പിന്നാലെ ബി.സി.സി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇതിന് പിന്നാലെ സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാക്കി ബി.സി.സി.ഐ തത്കാലം രക്ഷപ്പെടുകയായിരുന്നു.

മെയ്ന്‍ ടീമില്‍ നിന്നും അവഗണിക്കുമ്പോഴും വിമര്‍ശനങ്ങളെ ഭയന്ന് മാത്രമാണ് ബി.സി.സി.ഐ സഞ്ജുവിനെ ക്യാപ്റ്റനാക്കിയതെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടിരുന്നു.

ബോര്‍ഡിലും ഇന്ത്യന്‍ ടീമിലും മറ്റും പല പ്രതിസന്ധികളും ഉയര്‍ന്നുനില്‍ക്കവെ സഞ്ജു ടീമിന്റെ ക്യാപ്റ്റനാവുകയും വൈറ്റ് വാഷ് ചെയ്ത് പരമ്പര വിജയിപ്പിക്കുകയും ചെയ്തു. ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരമായി തഴയുന്ന കേരളത്തില്‍ നിന്നും ബി.സി.സി.ഐയെ തന്നെ മാറ്റി ചിന്തിപ്പിച്ച മല്ലു ബോയ്‌യുടെ വിജയം കൂടിയാണിത്.

പരമ്പര വിജയിപ്പിച്ച ക്യാപ്റ്റന്‍ മാത്രമല്ല, സീരീലെ ടോപ് സ്‌കോറര്‍ കൂടിയാണ് സഞ്ജു. മൂന്ന് മത്സരത്തില്‍ നിന്നും 120 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ 32 പന്തില്‍ നിന്നും പുറത്താകാതെ 29 റണ്‍സ് നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ 35 പന്തില്‍ 37 റണ്‍സും നേടിയിരുന്നു. അവസാന മത്സരത്തില്‍ 68 പന്തില്‍ നിന്നും 54 റണ്‍സും നേടിയാണ് പരമ്പരയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായത്.

പറയത്തക്ക വമ്പന്‍ ഇന്നിങ്‌സുകള്‍ ഒന്നും തന്നെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നില്ലെങ്കിലും എപ്പോഴത്തേയും പോലെ അത് ഉണ്ടാക്കിയ ഇംപാക്ട് ചെറുതായിരുന്നില്ല.

ആദ്യ മത്സരത്തില്‍ സഞ്ജു ഫിനിഷറുടെ റോളില്‍ തിളങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ ജയം ഉറപ്പാക്കിയ ശേഷമാണ് സഞ്ജു പുറത്തായത്. മൂന്നാം മത്സരത്തിലാകട്ടെ തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ഇന്നിങ്‌സിനെ തിലക് വര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി മികച്ച സ്‌കോറിലെത്തിക്കാനും സഞ്ജുവിന് സാധിച്ചു.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാനിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും. ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സഞ്ജുവിന്റെ ഈ ചെറിയ കാല്‍വെപ്പുകള്‍ വലിയ യാത്രക്കുള്ള മുന്നൊരുക്കം തന്നെയാവും.

Content highlight: India A vs New Zealand A, Sanju Samson shined in the role of captain as well as batter

We use cookies to give you the best possible experience. Learn more