ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയും ഇന്ത്യ ഡിയും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഡി എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യ എ ആദ്യ ഇന്നിങ്സില്‍ 290 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഡി 183 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് നേടിയ എ ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 488 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഡിയ്ക്ക് മുന്നിലുള്ളത്.
എയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കാഴ്ചവെച്ചത്. ഓപ്പണര്‍ പ്രഥാം സിങ് 189 പന്തില്‍ നിന്നും ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടെ 122 റണ്‍സാണ് നേടിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മത്സരത്തില്‍ നിന്നും 1568 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ഫോര്‍മാറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
എന്നാല്‍ ടീമിനുവേണ്ടി അമ്പരപ്പിക്കുന്ന മറ്റൊരു ഇന്നിങ്‌സ് കാഴ്ചവെച്ചത് തിലക് വര്‍മയാണ്. 193 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെ 111 റണ്‍സ് നേടി പുറത്താക്കാതെയാണ് വര്‍മ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ അഞ്ചാം സെഞ്ച്വറിയാണ് താരം സ്വന്തമാക്കുന്നത്.
ഇരുവര്‍ക്കും പുറമെ ക്യാപ്റ്റന്‍ മയങ്ക് അഗര്‍വാള്‍ 56 റണ്‍സും നേടി. ഇന്ത്യയുടെ ഭാവിതാരമായ റിയാന്‍ പരാഗിന് 20 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ താരത്തിനുശേഷം ഇറങ്ങിയ ഷഷ്വത് റാവത്ത് 88 പന്തില്‍ 7 ബൗണ്ടറികള്‍ ഉള്‍പ്പെടെ 64 റണ്‍സ് നേടി.
ഇന്ത്യ ഡിക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത് സൗരഭ് കുമാര്‍ ആണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു വിക്കറ്റ് നേടി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഡി നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് നേടിയിട്ടുണ്ട്. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ 488 റണ്‍സിന്റെ വിജയലക്ഷ്യമാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മലയാളി താരം സഞ്ജു സാംസണും അടങ്ങുന്ന ടീമിന് മറികടക്കേണ്ടത്.
മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ഇരുവര്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുകയുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ അയ്യര്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ സഞ്ജു അഞ്ച് റണ്‍സിനും കൂടാരം കയറിയിരുന്നു.
Content Highlight: India A VS India D Duleep Trophy Update