ഇടിമിന്നലായി അഭിഷേക് ശര്‍മ; എമര്‍ജിങ് ഏഷ്യകപ്പില്‍ സെമിഫൈനല്‍ യോഗ്യത നേടി ഇന്ത്യ എ
Sports News
ഇടിമിന്നലായി അഭിഷേക് ശര്‍മ; എമര്‍ജിങ് ഏഷ്യകപ്പില്‍ സെമിഫൈനല്‍ യോഗ്യത നേടി ഇന്ത്യ എ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2024, 10:40 pm

എ.സി.സി എമര്‍ജിങ് ടീം ഏഷ്യ കപ്പില്‍ യു.എ.ഇക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ എ. ഇതോടെ എമര്‍ജിങ് കപ്പില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാകാനും ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ഒമാനിലെ അല്‍ അമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു യു.എ.ഇ.

എന്നാല്‍ വെറും 16.5 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ യു.എ.ഇയെ 107 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 10.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

ഇന്ത്യക്കുവേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് അഭിഷേക് ശര്‍മയായിരുന്നു. 24 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്. 241.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. തുടര്‍ന്ന് മുഹമ്മദ് ഫറൂഖിന്റെ പന്തിലാണ് താരം പുറത്തായത്.

ക്യാപ്റ്റന്‍ തിലക് വര്‍മ 21 റണ്‍സില്‍ പുറത്തായപ്പോള്‍ ആയുഷ് ബധോണി 12 റണ്‍സും നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

യു.എ.ഇക്ക് വേണ്ടി ഒമൈദ് റഹ്‌മാന്‍, മുഹമ്മദ് ഫറൂഖ്, വിഷ്ണു സുകുമാരന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ബാറ്റിങ്ങില്‍ ടീമിനുവേണ്ടി രാഹുല്‍ ചോപ്രയാണ് മിന്നും പ്രകടനം കാഴ്ചവച്ചത് 50 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ ക്യാപ്റ്റന്‍ ബാസില്‍ ഹമീദ് 22 റണ്‍സും നേടി.

മത്സരത്തില്‍ എട്ടുപേരാണ് ഇന്ത്യയ്ക്കുവേണ്ടി പന്തറിഞ്ഞത്. അതില്‍ മികച്ച ബൗളിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചത് റാസിഖ് സലാമാണ്. രണ്ട് ഓവര്‍ എറിഞ്ഞ് 15 റണ്‍സ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

രമണ്‍ദീപ് സിങ് രണ്ട് വിക്കറ്റും അന്‍ഷുല്‍ കാംബോജ്, വൈഭവ് അറോറ, അഭിഷേക് ശര്‍മ, നേഹല്‍ വധേര എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

 

Content Highlight: India A Qualify Into The Semifinal In Emerging Asia Cup