| Sunday, 23rd July 2023, 9:46 pm

തുടക്കം മുതലാക്കാനായില്ല; ഇന്ത്യക്ക് ഷോക്ക്; ഏഷ്യ കപ്പ് പാകിസ്ഥാനിലേക്ക് പറക്കും!

സ്പോര്‍ട്സ് ഡെസ്‌ക്

എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് 2023 ഫൈനലില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന്‍ എ ടീം ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് ട്രോഫി പാകിസ്ഥാന്‍ എ ടീം സ്വന്തമാക്കുന്നത്. 353 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ ഇന്ത്യന്‍ യുവനിര 40 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ഇന്ത്യന്‍ നിരയില്‍ അഭിഷേക് ശര്‍മയാണ് (61) ടോപ് സ്‌കോറര്‍. നായകന്‍ യഷ് ദുള്‍ (39), സായ് സുദര്‍ശന്‍ (29) എന്നിവര്‍ക്ക് മാത്രമെ നിര്‍ണായക മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. പാകിസ്ഥാനായി സുഫിയാന്‍ മുഖീം മൂന്നും, അര്‍ഷാദ് ഇക്ബാല്‍, മെഹ്രാന്‍ മുംതാസ്, മുഹമ്മദ് വാസിം ജൂനിയര്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റെടുത്തു.

ഫൈനലില്‍ പാകിസ്ഥാന്‍ എ ടീം നിശ്ചിത 50 ഓവറില്‍ പാക് ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് വാരിയത്. ടോസ് നേടി പാകിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്‍ യഷ് ദുളിന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു.

പാക് ഇന്നിങ്‌സിലെ 22ാം ഓവറില്‍ ക്രീസിലെത്തിയ തയ്യബ് താഹിര്‍ (71 പന്തില്‍ 108) പുറത്തെടുത്ത വെടിക്കെട്ട് സെഞ്ച്വറി പ്രകടനം ഇന്ത്യന്‍ യുവനിരയെ ഞെട്ടിച്ചത്. ഒരു ഘട്ടത്തില്‍ 187/5 എന്ന നിലയില്‍ പതറിയ പാക് ടീമിനെ താഹിര്‍ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

12 ഫോറുകളും നാല് സിക്‌സറുകളും സഹിതം 152.11 സ്‌ട്രൈക്ക് റേറ്റിലാണ് താഹിര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. ഹംഗാര്‍ഗേക്കറാണ് ഒടുവില്‍ തയ്യബ് താഹിറിനെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ചത്. വാലറ്റത്ത് തിളങ്ങിയ മുബഷിര്‍ ഖാനേയും (35) പുറത്താക്കി ഹംഗാര്‍ഗേക്കര്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചു.

പാക് ഓപ്പണര്‍മാരായ സായിം അയൂബും (59), സാഹിബ്‌സാദ ഫര്‍ഹാനും (65) അര്‍ധസെഞ്ച്വറി പ്രകടനങ്ങളുമായി ഗംഭീര തുടക്കമാണ് പാകിസ്ഥാന് സമ്മാനിച്ചത്. നിര്‍ണായക ഫൈനലില്‍ 17.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സെന്ന ശക്തമായ നിലയിലേക്ക് ഇരുവരും ടീമിനെ എത്തിച്ചിരുന്നു.

ഇന്ത്യക്കായി റിയാന്‍ പരാഗ്, ഹംഗാര്‍ഗേക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, മാനവ് സുതാര്‍, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.

Content Highlights: india A lost in the asia cup final against pakistan A

We use cookies to give you the best possible experience. Learn more