എമര്‍ജിങ് ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് പിന്നാലെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യ എ. ആദ്യ മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ലങ്കയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, ഗുല്‍സന്‍ ഝാ എന്നിവരൊഴികെ റണ്‍ ഉയര്‍ത്തുന്നതില്‍ ടീമിലെ എല്ലാ താരങ്ങളും പരാജയപ്പെടുകയായിരുന്നു.
ആദ്യ ഓവറില്‍ റണ്‍ എടുക്കും മുമ്പ് തന്നെ ഓപ്പണര്‍ കുശാല്‍ ഭര്‍ട്ടലിനെ നഷ്ടമായ നേപ്പാളിന് ആറാം ഓവറില്‍ 15 പന്തില്‍ നിന്നും ഏഴ് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിനെയും നഷ്ടമായി.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
നാലാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല സ്വയമേറ്റെടുത്തു. ഒരറ്റത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും മറുവശത്ത് പൗഡല്‍ പിടിച്ചുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 144ല്‍ നില്‍ക്കവെ പൗഡല്‍ പുറത്തായി. 85 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 65 റണ്‍സാണ് താരം നേടിയത്. നിഷാന്ത് സിന്ധുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
മിഡില്‍ ഓര്‍ഡറില്‍ ഗുല്‍സന്‍ ഝാ നടത്തിയ ചെറുത്ത് നില്‍പും ടീമിന് തുണയായി. രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമടക്കം 38 റണ്‍സാണ് താരം നേടിയത്. നേപ്പാള്‍ നിരയില്‍ സിക്‌സര്‍ നേടിയ ഏക താരവും ഝാ തന്നെയായിരുന്നു.
ഒടുവില്‍ 40ാം ഓവറിലെ രണ്ടാം പന്തില്‍ നേപ്പാള്‍ 167 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഇന്ത്യക്കായി നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജ്‌വര്‍ധന്‍ ഹങ്കാര്‍ഗേക്കര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ട് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയും ഒരു വിക്കറ്റുമായി മാനവ് സുതാറും നേപ്പാളിന്റെ പതനം പൂര്‍ത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ തന്നെ വിജയമുറപ്പിച്ചിരുന്നു. ഓപ്പണര്‍മാരായ സായ് സുദര്‍ശനും അഭിഷേക് ശര്‍മയും ചേര്‍ന്ന് 139 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും അര്‍ധ സെഞ്ച്വറി തികച്ചു.
69 പന്തില്‍ നിന്നും 12 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 87 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ശര്‍മ പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ധ്രുവ് ജുറെലിനെ ഒപ്പം കൂട്ടി സായ് സുദര്‍ശന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
സായ് സുദര്‍ശന്‍ 52 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താകാതെ 58 റണ്‍സ് നേടിയപ്പോള്‍ ജുറെല്‍ 12 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി പുറത്താകാതെ 21 റണ്‍സ് നേടി.
ജൂലൈ 19നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനും ആദ്യ രണ്ട് മത്സരത്തില്‍ പരാജയമറിഞ്ഞിട്ടില്ല. നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുമ്പോട്ട് കുതിക്കാം.
Content Highlight: India A defeated Nepal A in Emerging Asia Cup