| Wednesday, 19th July 2023, 10:28 pm

എക്‌സ്പീരിയന്‍സൊന്നും വിഷയമല്ല; പാകിസ്ഥാനെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ചുണകുട്ടികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയില്‍ വെച്ച് നടക്കുന്ന എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എക്ക് പാകിസ്ഥാന്‍ എക്കെതിരെ തകര്‍പ്പന്‍ വിജയം. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 48 ഓവറില്‍ 205 റണ്‍സ് നേടി എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 പന്ത് ബാക്കി നില്‍ക്കെ വിജയിക്കുകയായിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കറായിരുന്നു ഇന്ത്യയുടെ ബൗളിങ്ങിലെ ഹീറോയെങ്കില്‍ സെഞ്ച്വറി നേടിയ സായ് സുധര്‍ശനായിരുന്നു ബാറ്റിങ്ങില്‍ ഇന്ത്യയുടെ നെടും തൂണായത്. മാനവ് സുതാര്‍ മൂന്ന് വിക്കറ്റും, നിഖിന്‍ ജോസ് 53 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

എട്ടോവറില്‍ ഒരു മെയ്ഡനടക്കം 42 റണ്‍സ് വിട്ടുനല്‍കിയാണ് ഹംഗാര്‍ഗേക്കര്‍ അഞ്ച് വിക്കറ്റ് നേടിയത്. പാകിസ്ഥാന്‍ മധ്യനിരയെ പിടിച്ചുകെട്ടാന്‍ അദ്ദേഹത്തിന്റെ സ്‌പെല്ലിന് സാധിച്ചിരുന്നു. 48 റണ്‍സെടുത്ത കാസിം അക്രം മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ പൊരുതി നിന്നത്. ഓപ്പണിങ് ബാറ്റര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ 35 റണ്‍സ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഭേദപ്പെട്ട തുടക്കമാണ് അഭിഷേക് ശര്‍മയും സായ്‌യും നല്‍കിയത്. 12ാം ഓവറില്‍ 20 റണ്‍സ് നേടി അഭിഷേക് പുറത്തായപ്പോള്‍ ടീം സ്‌കോര്‍ 58 എത്തിയിരുന്നു. പിന്നീടെത്തിയ നിഖിന്‍ ജോസിനെ കൂട്ടുപിടിച്ച് സായ് മത്സരം മുന്നോട്ട് നീക്കുകയായിരുന്നു. നാലാമനായെത്തിയ ക്യാപ്റ്റന്‍ യാഷ് ദുള്ളിന് സായ്‌യുടെ കൂടെ നില്‍ക്കേണ്ട ചുമതല മാത്രമെ ഉണ്ടായിരുന്നുള്ളു.

110 പന്ത് നേരിട്ട് 104 റണ്‍സാണ് സായ് അടിച്ചുകൂട്ടിയത്. പത്ത് ഫോറും മൂന്ന് സിക്‌സറുമടങ്ങിയതായിരുന്നു സായ്‌യുടെ ഇന്നിങ്‌സ്. മത്സരത്തില്‍ ഒരവസരത്തില്‍ പോലും പാകിസ്ഥാന് മുന്നിട്ട് നില്‍ക്കാന്‍ സായ് അവസരം നല്‍കിയിരുന്നില്ല.

എക്‌സ്പീരിയന്‍സ് വെച്ചുനോക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ എ ഇന്ത്യ എ ടീമിനേക്കാള്‍ ഒരുപാട് മുന്നിലാണ്. പാകിസ്ഥാന്‍ എയിലെ താരങ്ങളില്‍ 81 മത്സരങ്ങളെങ്കിലും അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ എയില്‍ താരങ്ങള്‍ ഒരു മത്സരം പോലും സീനിയര്‍ ടീമിനായി കളിക്കാത്തവരാണ്.

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ കടക്കും. ആദ്യ മത്സരത്തില്‍ യു.എ.ഇ. എയും രണ്ടാം മത്സരത്തില്‍ നേപ്പാളിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

യാഷ് ദുള്‍ നയിക്കുന്ന ഇന്ത്യ എ ടീം സെമിയില്‍ ബംഗ്ലാദേശ് എയെ (ഗ്രൂപ്പ് എയിലെ റണ്ണറപ്പ്) നേരിടും. മറ്റൊരു സെമിയില്‍ പാകിസ്ഥാന്‍ എ ഗ്രൂപ്പ് എ ജേതാക്കളായ ശ്രീലങ്ക എയെയും നേരിടും.

Content Highlight: India A beat Pakistan A in Emerging Asia Cup

We use cookies to give you the best possible experience. Learn more