കാമത്തിന്റെയും ഭോഗത്തിന്റെയും 64 കലകളുടെ ആധികാരികശേഖരമായി കരുതുന്ന പുസ്തകമാണ് വാത്സ്യായനന്റെ കാമസൂത്രം. രതിയുടെ സര്‍വ്വവിജ്ഞാന കോശമായി അറിയപ്പെട്ട കാമസൂത്രം 2000 വര്‍ഷങ്ങള്‍ക്കുശേഷം തിരുത്തിയെഴുതുകയാണ്. അതിന് തയ്യാറായിരിക്കുന്നതാവട്ടെ ഒരു മലയാളി സ്ത്രീയും. ലോകത്തില്‍ തന്നെ ആദ്യമാകാം സ്ത്രീകളുടെ പക്ഷം ചേര്‍ന്ന് ഒരു സ്ത്രീ ആണുങ്ങളുടെ ഗ്രന്ഥമായ കാമസൂത്രത്തിന് തിരുത്തല്‍ഭാഷ്യം ചമയ്ക്കുന്നത്.
ദേവികുളം ആകാശവാണിയില്‍ ഹെഡ് ഓഫ് പ്രോഗ്രാമായ ഇന്ദിരയാണ് ഈ സാഹസത്തിന് മുതിരുന്നത്. 5 വര്‍ഷത്തെ അന്വേഷണത്തിനും പഠനത്തിനുംശേഷമാണ് പുസ്തകം എഴുതുന്നതെന്ന് ഇന്ദിര പറയുന്നു. സ്‌ത്രൈണകാമസൂത്രം എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാത്സ്യായനന്‍ എഴുതിയ ആശയങ്ങള്‍ ഏറെയും കാലഹരണപ്പെട്ടതും മാറ്റിയെഴുതേണ്ടതുമാണെന്നാണ് ഇന്ദിരയുടെ കണ്ടെത്തല്‍. പുരുഷരചിതമായ കാമസൂത്രത്തിന് സ്‌ത്രൈണലൈംഗികതയുടെ അനുഭവത്തിലും കാഴ്ചപ്പാടിലും തിരുത്തല്‍ ആവശ്യമാണെന്ന് അവര്‍ വാദിക്കുന്നു.
പുരുഷന്‍ സ്ത്രീയോട് പ്രയോഗിക്കേണ്ട തന്ത്രങ്ങളാണ് വാത്സ്യായനഗ്രന്ഥത്തിലുള്ളത്. അതിനാല്‍ സ്ത്രീകള്‍ക്ക്‌വേണ്ടിയുള്ള കാമസൂത്രത്തിലുണ്ടാകേണ്ടത് സ്വാഭാവികമായും പുരുഷനെതിരെയുള്ള തന്ത്രങ്ങളാകണമെന്ന് ഇന്ദിര പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യകമാരെയും പരസ്ത്രീകളെയും വശീകരിക്കാന്‍ ശ്രമിക്കുന്ന പുരുഷനെ തിരിച്ചറിയുകയോ പ്രതിരോധിക്കുകയോ മറ്റോ സ്ത്രീ ചെയ്യേണ്ടതുണ്ടോ..? ഉണ്ടെങ്കില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍…? എന്നിങ്ങനെ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചിന്തയാണ് പുസ്തകത്തിലുള്ളതെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകളെ എങ്ങനെ പ്രാപിക്കാം, എങ്ങനെ വശീകരിക്കാം, എങ്ങനെ ഉപയോഗിക്കാം, എങ്ങനെ വഞ്ചിക്കാം, എന്നീ തന്ത്രങ്ങളെ ആധികാരികമായും സമഗ്രമായും വിശദീകരിക്കുന്ന പുസ്തകമായിരുന്നു വാത്സ്യായനന്റെ കാമസൂത്രം.
പെണ്ണെഴുത്തെന്നോ ഫെമിനിസ്റ്റ് ചിന്തയെന്നോ ലേബല്‍ നല്‍കാവുന്ന “സ്‌ത്രൈണ കാമസൂത്രം’ ഉടന്‍ പുറത്തുവരും. ഡി.സി ബുക്‌സാണ് പ്രസാധകര്‍.