വരുമാനം കുത്തനെ ഇടിഞ്ഞു: ഇന്‍ഡിപെന്‍ഡന്റ് പത്രം അടച്ചുപൂട്ടുന്നു
Daily News
വരുമാനം കുത്തനെ ഇടിഞ്ഞു: ഇന്‍ഡിപെന്‍ഡന്റ് പത്രം അടച്ചുപൂട്ടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th February 2016, 8:40 am

indip  ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് പ്രിന്റ് എഡിഷന്‍ നിര്‍ത്തുന്നു. മാര്‍ച്ച് മുതല്‍ ഓണ്‍ലൈന്‍ പതിപ്പ് മാത്രമേ ലഭ്യമാകൂവെന്ന് ഉടമ അറിയിച്ചു.

മാര്‍ച്ച് 26 ശനിയാഴ്ച വരെ മാത്രമേ പത്രം പ്രസിദ്ധീകരിക്കുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. സണ്‍ഡേ ഇന്റഡിപെന്‍ഡന്റിന്റെ അവസാന പതിപ്പ് മാര്‍ച്ച് 20ന് പുറത്തിറങ്ങും.

വായനക്കാര്‍ കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രിന്റ് എഡിഷന്‍ നിര്‍ത്താനുളള കാരണം. 1986ല്‍ തുടങ്ങിയ പത്രത്തിന് വന്‍തോതില്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ ദിവസം 428,000 കോപ്പികളോളം വിറ്റിരുന്നു. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കുശേഷം ദിവസം വില്‍ക്കുന്ന കോപ്പികളുടെ എണ്ണം 28,000 ആയി ചുരുങ്ങി.
graph
പത്രം അച്ചടി നിര്‍ത്തുന്നത് എത്രത്തോളം ജോലിക്കാരെ ബാധിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

ഡിജിറ്റല്‍ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്‍ഡിപെന്‍ഡന്റ് വെബ്‌സൈറ്റിനെ യു.കെയിലെ ഏറ്റവും മികച്ച വെബ്‌സൈറ്റാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറയുന്നു.

വെബ്‌സൈറ്റിന്റെ മാസവായനക്കാരുടെ എണ്ണത്തില്‍ 33.3% വര്‍ധനവാണ് 12 മാസത്തിനിടെയുണ്ടായതെന്നാണ് അധികൃതരുടെ അവകാശവാദം. 70മില്യണ്‍ യുണീക്ക് യൂസേഴ്‌സ് ഉണ്ടെന്നും  വരും വര്‍ഷം 50% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് ഉടമ എവ്ഗനി ലെബെദേവ് അറിയിച്ചു.
graph1
“വാര്‍ത്താ വ്യവസായ രംഗമാറിക്കൊണ്ടിരിക്കുകയാണ്. വായനക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മാറ്റമാണിത്. വരാനിരിക്കുന്നത് ഡിജിറ്റലിന്റെ കാലമാണെന്ന് അവര്‍ ഞങ്ങള്‍ക്കു കാട്ടിതന്നിരിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് എന്ന ബ്രാന്റിനെ സംരക്ഷിക്കുകയും പുതിയതും മികച്ച ഗുണനിലവാരമുള്ളതുമായ ഉള്ളടക്കങ്ങളിലൂടെ കൂടുതല്‍ വായനക്കാരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.” ലെബദേവ് വ്യക്തമാക്കി.

ഗ്രാഫ് കടപ്പാട്: ബി.ബി.സി