'ബ്രിട്ടന്‍ പ്രവര്‍ത്തിക്കേണ്ടത് ഗസയ്ക്ക് വേണ്ടി'; സര്‍ക്കാരിനോട് കോര്‍ബിനടക്കമുള്ള സ്വതന്ത്ര എം.പിമാര്‍
World News
'ബ്രിട്ടന്‍ പ്രവര്‍ത്തിക്കേണ്ടത് ഗസയ്ക്ക് വേണ്ടി'; സര്‍ക്കാരിനോട് കോര്‍ബിനടക്കമുള്ള സ്വതന്ത്ര എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 12:32 pm

ലണ്ടന്‍: ഗസയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് യു.കെയിലെ സ്വതന്ത്ര എം.പിമാര്‍. ജെര്‍മി കോര്‍ബിനടക്കമുള്ള സ്വതന്ത്ര എം.പിമാരാണ് ബ്രിട്ടന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ഇസ്രഈല്‍ വംശഹത്യയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ടിനെ വെല്ലുവിളിക്കരുതെന്നും എം.പിമാര്‍ പറഞ്ഞു.

കോര്‍ബിനെ കൂടാതെ ലെസ്റ്റര്‍ സൗത്ത് എം.പി ഷോക്കറ്റ് ആദം, ബ്ലാക്ക്‌ബേണ്‍ എം.പി അദ്‌നാന്‍ ഹുസൈന്‍, ഡ്യൂസ്ബറി ആന്റ് ബാറ്റ്‌ലി എം.പി ഇഖ്ബാല്‍ മുഹമ്മദ്, ബിര്‍മിങ്ഹാം പെറി ബാര്‍ എം.പി അയൂബ് ഖാന്‍ എന്നിവരാണ് സ്റ്റാര്‍മര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടിക്കെതിരെ അമേരിക്ക അമിക്കസ് ക്യൂറി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വതന്ത്ര എം.പിമാരുടെ പ്രതികരണം.

അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഫലസ്തീന്‍ ജനതയ്ക്കുള്ള അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി ജെര്‍മി കോര്‍ബിന്‍ യു.കെ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിക്ക് കത്തയച്ചു. ബ്രിട്ടന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഒരു തരത്തിലും ഗസയിലെ ജനങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ത്രിപുരയില്‍ പട്ടാപ്പകല്‍ ബി.ജെ.പി ജനാധിപത്യത്തെ കൊല്ലുന്നു: കോണ്‍ഗ്രസ്

ഇതിനുപുറമെ ഇസ്രഈലിലേക്കുള്ള ആയുധ വില്‍പന നിര്‍ത്തുക, യു.എന്‍ ഏജന്‍സിയായ അനർവയ്ക്കുള്ള ധനസഹായം പുനഃസ്ഥാപിക്കുക, നെതന്യാഹുവിനെതിരായ ഐ.സി.സിയുടെ കേസിനെ എതിര്‍ക്കരുത്, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക, ഗസയിലെ മാനുഷിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും സ്വതന്ത്ര എം.പിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍, നെതന്യാഹുവിനെതിരായ നടപടിയെ എതിര്‍ക്കുന്നതില്‍ നിന്ന് യു.കെ പിന്മാറുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കാരണവശാലും അന്താരാഷ്ട്ര കോടതിയെ എതിര്‍ക്കുന്നതില്‍ നിന്ന് പിന്മാറരുതെന്ന് ഡേവിഡ് ലാമിയോട് ബൈഡന്‍ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള യു.കെ സര്‍ക്കാരിന്റെ ദ്വികക്ഷി ആധിപത്യത്തെ വെല്ലുവിളിക്കണം. രാജ്യത്ത് മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സ്വതന്ത്രരും ഇടതുപക്ഷ നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു കോളത്തില്‍, കോര്‍ബിന്‍ തന്റെ മണ്ഡലമായ ഇസ്‌ലിങ്ടൺ നോര്‍ത്തില്‍ മാസത്തില്‍ ജനങ്ങള്‍ക്ക് പരാതികള്‍ ഉന്നയിക്കാനുള്ള പീപ്പിള്‍സ് ഫോറം ആരംഭിക്കുമെന്ന് എഴുതിയിരുന്നു.

Content Highlight: Independent MPs in the UK say that the government should work for the Palestinians who are suffering in Gaza