കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. ഈ മാസം 23 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്.
സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി, മദ്രസകള്‍ എന്നിവയ്ക്കും പുതിയ ഉത്തരവ് ബാധകമാണ്. കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുണ്ടാകില്ലെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അവധി പ്രഖ്യാപനം ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം, നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.
ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.
Content Highlights: Indefinite leave withdrawn in Kozhikode district