വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോറുമായി ഇന്ത്യ. മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 218 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ കരീബിയന്‍സിന് മുമ്പില്‍ വെച്ചത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ മത്സരം വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഈ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും വെടിക്കെട്ടിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.
ഉമ ഛേത്രിയെ സില്‍വര്‍ ഡക്കായി നഷ്ടപ്പെട്ട ഇന്ത്യ ഒരു ഓവറില്‍ ഒരു റണ്ണിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി മന്ഥാന സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
ടീം സ്‌കോര്‍ 99ല്‍ നില്‍ക്കവെ 28 പന്തില്‍ 39 റണ്‍സ് നേടിയ ജെമീമയെ ഇന്ത്യക്ക് നഷ്ടമായി. നാലാം നമ്പറിലെത്തിയ രാഘവി ബിഷ്തും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി.
ടീം സ്‌കോര്‍ 143ല്‍ നില്‍ക്കവെ 77 റണ്‍സുമായി മന്ഥാന പുറത്തായി. 47 പന്ത് നേരിട്ട് 13 ഫോറും ഒരു സിക്‌സറും അടക്കമാണ് താരം സ്‌കോര്‍ ചെയ്തത്.
മന്ഥാനക്ക് ശേഷം ക്രീസിലെത്തിയ റിച്ച ഘോഷിന്റെ വെടിക്കെട്ടിനാണ് ശേഷം മുംബൈ സാക്ഷ്യം വഹിച്ചത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറടിച്ചുകൂട്ടിയ താരം നേരിട്ട 18ാം പന്തില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
ഒടുവില്‍ നേരിട്ട 21ാം പന്തില്‍ 54 റണ്‍സുമായാണ് റിച്ച കളം വിട്ടത്. അഞ്ച് സിക്‌സറും മൂന്ന് ഫോറും അടക്കം 257.14 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരത്തെ തേടിയെത്തി. വനിതാ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമായാണ് റിച്ച ചരിത്രമെഴുതിയത്. 18 പന്തില്‍ ഫിഫ്റ്റിയടിച്ച ഓസീസിന്റെ ഫോബ് ലിച്ച്ഫീല്‍ഡിനും ന്യൂസിലാന്‍ഡിന്റെ സോഫി ഡിവൈനിനുമൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് റിച്ച.
(താരം – ടീം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനെടുത്ത പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – ഇന്ത്യ – 18 – 2015
ഫോബ് ലിച്ച്ഫീല്‍ഡ് – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 18 – 2023
റിച്ച ഘോഷ് – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – 18 – 2024*
നിദ ദാര്‍ – പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക – 20 – 2019
അലീസ ഹീലി – ഓസ്‌ട്രേലിയ – അയര്‍ലാന്‍ഡ് – 21 – 2018
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – അയര്‍ലാന്‍ഡ് – 21 – 2018
അലീസ് ക്യാപ്‌സി – ഇംഗ്ലണ്ട് – അയര്‍ലന്‍ഡ് – 21 – 2023
റിച്ചയുടെയും മന്ഥാനയുടെയും വെടിക്കെട്ടില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 217 റണ്‍സ് സ്വന്തമാക്കി.
രണ്ട് വര്‍ഷം മുമ്പ് 2022ല്‍ ഇന്ത്യക്കായി വേഗതയേറിയ ഏകദിന അര്‍ധ സെഞ്ച്വറി നേടി റെക്കോഡിട്ട റിച്ച ഇപ്പോള്‍ ടി-20യിലും അതേ പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ്.
Content Highlight: IND W vs WI W: Richa Ghosh smashed fastest T20I 50 in WT20Is