ന്യൂസിലാന്‍ഡ് വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 34 പന്തും ആറ് വിക്കറ്റും കയ്യിലിരിക്കെ വിജയിച്ചുകയറുകയായിരുന്നു.
സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 122 പന്ത് നേരിട്ട താരം നൂറ് റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും മന്ഥാന സ്വന്തമാക്കി. വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് മന്ഥാന സ്വന്തമാക്കിയത്. ഇതിഹാസ താരം മിതാലി രാജിനെ മറികടന്നുകൊണ്ടായിരുന്നു മന്ഥാനയുടെ നേട്ടം.
ഇന്ത്യക്കായി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ വനിതാ താരങ്ങള്‍
(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – 8*
മിതാലി രാജ് – 7
ഹര്‍മന്‍പ്രീത് കൗര്‍ – 6
പൂനം റാവത്ത് – 3
നേരത്തെ നടന്ന സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് മന്ഥാന മിതാലിയുടെ റെക്കോഡിനൊപ്പമെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഏകദിനത്തിലും മന്ഥാന സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം, ന്യൂസിലാന്‍ഡിനെതിരെ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കം പാളിയെങ്കിലും സൂപ്പര്‍ താരം ബ്രൂക് ഹാലിഡേയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ വൈറ്റ് ഫേണ്‍സ് സ്‌കോര്‍ ഉയര്‍ത്തി.
96 പന്തില്‍ 86 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
67 പന്തില്‍ 39 റണ്‍സടിച്ച ജോര്‍ജിയ പ്ലിമ്മറാണ് കിവീസ് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. വിക്കറ്റ് കീപ്പര്‍ ഇസി ഗേസ് (49 പന്തില്‍ 25), ലേ തഹൂഹു (14 പന്തില്‍ പുറത്താകാതെ 24) എന്നിവരും തങ്ങളുടെ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് നല്‍കി.
ഒടുവില്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ കിവികള്‍ക്ക് പത്താം വിക്കറ്റും നഷ്ടമായി.
ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് കിവീസ് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ സൈമ താക്കൂറും രേണുക സിങ്ങുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഷെഫാലി വര്‍മയെ പെട്ടെന്ന് തന്നെ നഷ്ടമായി. 11 പന്തില്‍ 12 റണ്‍സ് നേടി നില്‍ക്കവെയാണ് ഷെഫാലി തിരിച്ചുനടന്നത്.
വണ്‍ ഡൗണായെത്തിയ യാഷ്ടിക ഭാട്ടിയയെ ഒപ്പം കൂട്ടി മന്ഥാന സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഭാട്ടിയയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 49 പന്തില്‍ 35 റണ്‍സ് നേടി നില്‍ക്കവെ സോഫി ഡിവൈനിന് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്.
നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു. ഒരു വശത്ത് നിന്ന് ക്യാപ്റ്റനും മറുവശത്ത് നിന്ന് വൈസ് ക്യാപ്റ്റനും വൈറ്റ് ഫേണ്‍സിന് തലവേദന സൃഷ്ടിച്ചപ്പോള്‍ സെഞ്ച്വറി കൂട്ടുകെട്ടും പിറന്നു.
ഒടുവില്‍ ടീം സ്‌കോര്‍ 209ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി മന്ഥാന പുറത്തായി. ശേഷം ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി ഹര്‍മന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.