അയര്‍ലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 435 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഐറിഷ് പട 131ന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് വൈറ്റ് വാഷ് ചെയ്തു.
അയര്‍ലന്‍ഡിനെ 304 റണ്‍സിന് തകര്‍ത്തതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാര്‍ജിന്‍ എന്ന ചരിത്ര റെക്കോഡാണ് രാജ്‌കോട്ടില്‍ പിറവിയെടുത്തത്. ഇതാദ്യമായാണ് ഇന്ത്യ 300+ റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്നത്.
വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍)
(വിജയമാര്‍ജിന്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
304 റണ്‍സ് – അയര്‍ലന്‍ഡ് – രാജ്‌കോട്ട് – 2025
249 റണ്‍സ് – അയര്‍ലന്‍ഡ് – സെന്‍വെസ് പാര്‍ക് – 2017
211 റണ്‍സ് – വെസ്റ്റ് ഇന്‍ഡീസ് – വഡോദര – 2024
207 റണ്‍സ് – പാകിസ്ഥാന്‍ – ദാംബുള്ള – 2008
193 റണ്‍സ് – പാകിസ്ഥാന്‍ – കറാച്ചി – 2005
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ പ്രതീക റാവലിന്റെയും ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഇരുവരും സെഞ്ച്വറി നേടി.
129 പന്ത് നേരിട്ട് 154 റണ്‍സ് നേടിയാണ് പ്രതീക റാവല്‍ പുറത്തായത്. 20 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. അന്താരാഷ്ട്ര ഏകദിന കരിയറിലെ ആറാം മത്സരത്തിലാണ് താരം തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്.
87 പന്തില്‍ 135 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. മന്ഥാനയുടെ ഏകദിന കരിയറിലെ പത്താം സെഞ്ച്വറി നേട്ടമാണ് സൗരാഷ്ട്രയില്‍ പിറന്നത്.
അര്‍ധ സെഞ്ച്വറിയടിച്ച വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി. 42 പന്ത് നേരിട്ട താരം 59 റണ്‍സാണ് അടിച്ചെടുത്തത്.
തേജല്‍ ഹസ്ബ്നിസ് (25 പന്തില്‍ 28), ഹര്‍ലീന്‍ ഡിയോള്‍ (പത്ത് പന്തില്‍ 15), ദീപ്തി ശര്‍മ (എട്ട് പന്തില്‍ പുറത്താകാതെ 11) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 435 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. തൊട്ടുമുമ്പ് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ 370 റണ്‍സാണ് നേരത്തെ റെക്കോഡ് ബുക്കില്‍ ഒന്നാമതായി ഇടം പിടിച്ചിരുന്നത്.
അയര്‍ലന്‍ഡിനായി ഓര്‍ല പ്രെന്‍ഡെര്‍ഗസ്റ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോര്‍ജിന് ഡെംപ്സി, ഫ്രെയ സാര്‍ജെന്റ്, ആര്‍ലീന്‍ കെല്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ പിഴച്ചു. ക്യാപ്റ്റന്‍ ഗാബി ലൂയീസ് ആറ് പന്തില്‍ ഒറ്റ റണ്‍സുമായി തിരിച്ചുനടന്നപ്പോള്‍ നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ കൂള്‍ട്ടര്‍ റീലിയും പുറത്തായി.
എന്നാല്‍ നാലാം നമ്പറിലെത്തിയ ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റിനെ ഒപ്പം കൂട്ടി ഓപ്പണര്‍ സാറ ഫോബ്‌സ് ചെറുത്തുനിന്നു. 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ പുടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 88ല്‍ നില്‍ക്കവെ പ്രെന്‍ഡര്‍ഗസ്റ്റിനെ പുറത്താക്കി തനൂജ കന്‍വര്‍ ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. 43 പന്തില്‍ 36 റണ്‍സ് നേടി ഐറിഷ് താരം പുറത്തായി.
അധികം വൈകാതെ സാറ ഫോര്‍ബ്‌സിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 44 പന്തില്‍ 41 റണ്‍സ് നേടി നില്‍ക്കവെ റണ്‍ ഔട്ടായാണ് ഫോര്‍ബ്‌സ് മടങ്ങിയത്.
പിന്നാലെയെത്തിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അയര്‍ലന്‍ഡ് 131 റണ്‍സിന് പുറത്തായി.
ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് നേടി. തനുജ കന്‍വര്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മിന്നു മണി, ടിറ്റാസ് സാധു, സയാലി സത്ഗരെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content highlight: IND W vs IRE W: India defeated Ireland