ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ നാലാം മത്സരത്തിലും ഇന്ത്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 4-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു.
സില്‍ഹെറ്റില്‍ നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം 56 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ മലയാളി താരം ആശ ശോഭന ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. വനിതാ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് ആശക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയത്.
വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ആശ ശോഭന. ഫൈനലിലടക്കം മികച്ച പ്രകടനം നടത്തിയ ആശ, വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.
12 വിക്കറ്റാണ് താരം നേടിയത്. ഒന്നാം സ്ഥാനത്തുള്ള സഹതാരം ശ്രേയാങ്ക പാട്ടീലിനെക്കാള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു താരത്തിന് കുറവുണ്ടായിരുന്നത്.
പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതോടെ ഒരു മികച്ച നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന പ്രായമേറിയ താരം എന്ന നേട്ടമാണ് ആശ സ്വന്തമാക്കിയത്. 33 വയസും 51 ദിവസവുമാണ് ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആശയുടെ പ്രായം.
2008ല്‍ തന്റെ 31ാം വയസില്‍ അരങ്ങേറ്റം കുറിച്ച സീമ പൂജാരിയുടെ റെക്കോഡാണ് ഇപ്പോള്‍ ആശ തന്റെ പേരിലാക്കിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ്, ഡയലന്‍ ഹേമലത, സ്മൃതി മന്ഥാന എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
ഹര്‍മന്‍പ്രീത് 26 പന്തില്‍ 39 റണ്‍സ് നേടി ടോപ് സ്‌കോററായി. റിച്ച ഘോഷ് 15 പന്തില്‍ 24 റണ്‍സ് നേടിയപ്പോള്‍ ഹേമലതയും മന്ഥാനയും 22 റണ്‍സ് വീതമാണ് നേടിയത്.
ബംഗ്ലാദേശിനായി മറൂഫ അക്തര്‍, റബേയ ഖാതും എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സോഫിയ ഖാതൂന്‍ ഒരു വിക്കറ്റും തന്റെ പേരില്‍ കുറിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണര്‍ മുര്‍ഷിദ ഖാതൂനിനെ ഒരു റണ്‍സിന് ബംഗ്ലാദേശിന് നഷ്ടമായി. അധികം വൈകാതെ രണ്ടാം ഓപ്പണര്‍ ദിലാര അക്തറിനെയും ഇന്ത്യ മടക്കി. ദീപ്തി ശര്‍മയാണ് ഇരുവരെയും പുറത്താക്കിയത്.
പിന്നാലെയെത്തിയവര്‍ക്കൊന്നും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ബംഗ്ലാ നിരയില്‍ ഒമ്പത് ബാറ്റര്‍മാര്‍ കളത്തിലിറങ്ങിയെങ്കിലും മൂന്ന് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്.
അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ആശ കയ്യടി നേടിയത്. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച രണ്ടാമത് ബൗളിങ് ഫിഗറാണിത്.
ബംഗ്ലാ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയെ പുറത്താക്കിയാണ് ആശ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് ആഘോഷമാക്കിയത്. രണ്ട് പന്തില്‍ ഒരു റണ്ണുമായി നില്‍ക്കവെ ആശയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് സുല്‍ത്താന പുറത്തായത്. സൂപ്പര്‍ താരം ഷോമ അക്തറിനെ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചാണ് താരം രണ്ടാം വിക്കറ്റും ആഘോഷമാക്കിയത്.
മെയ് ഒമ്പതിനാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. സില്‍ഹെറ്റ് വേദിയാകുന്ന മത്സരവും വിജയിച്ച പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
Content highlight: Ind W vs Ban W: Asha Shobhana becomes the oldest player to debut for India