വെസ്റ്റ് ഇന്‍ഡീസ് വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പരാജയമറിയാതെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
വഡോദര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ക്വിയാന ജോസഫിനെ നഷ്ടപ്പെട്ട വിന്‍ഡീസിന് അവസാന പന്തില്‍ ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസിനെയും നഷ്ടമായി. ക്വിയാന ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സില്‍വര്‍ ഡക്കായാണ് ഹെയ്‌ലി മാത്യൂസ് പുറത്തായത്. രേണുക സിങ്ങാണ് വിക്കറ്റ് നേടിയത്.
വണ്‍ ഡൗണായി വിക്കറ്റ് കീപ്പര്‍ ഷിമെയ്ന്‍ കാംബെല്‍ ക്രീസിലെത്തി. ഹെയ്‌ലി മാത്യൂസ് പുറത്തായതിന് പിന്നാലെ കളത്തിലിറങ്ങിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായി.
എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ ഷിനെല്‍ ഹെന്‌റിയെ ഒപ്പം കൂട്ടി ഡോട്ടിന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ടീം സ്‌കോര്‍ 100ല്‍ നില്‍ക്കവെ കാംബെല്ലിനെ മടക്കി ദീപ്തി ശര്‍മയാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ സൈദ ജെയിംസ് ഒരു റണ്ണിന് പുറത്തായെങ്കിലും ശേഷമെത്തിയ ആലിയ അലേയ്ന്‍ ഷിനെലിനാവശ്യമായ പിന്തുണ നല്‍കി.
വിന്‍ഡീസ് സ്‌കോര്‍ 146ല്‍ നില്‍ക്കവെ ഷിനെലിനെ മടക്കിയ ദീപ്തി ശര്‍മ, 150ല്‍ നില്‍ക്കവെ അലേയ്‌നിനെയെയും മടക്കി. ഷിനെല്‍ ഹെന്‌റി 72 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 21 റണ്‍സാണ് അലെയ്ന്‍ പുറത്തായത്.
ശേഷിച്ച താരങ്ങളെയെല്ലാം ഒന്നൊന്നായി പുറത്താക്കിയ ദീപ്തി ശര്‍മ വിന്‍ഡീസിനെ 162ല്‍ തളച്ചു.
ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ ആറ് വിക്കറ്റ് നേടിയപ്പോള്‍ രേണുക സിങ് നാല് വിക്കറ്റും നേടി.
ഈ ഫൈഫര്‍ നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ദീപ്തി ശര്‍മയെ തേടിയെത്തി. വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ദീപ്തി സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം പാളി. സ്മൃതി മന്ഥാന 19 പന്തില്‍ നാല് റണ്‍സ് നേടി പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഹര്‍ലീന്‍ ഡിയോള്‍ ഒരു റണ്‍സിനും പുറത്തായി.
എന്നാല്‍ പിന്നാലെയെത്തിയവര്‍ ചെറുത്തുനിന്നതോടെ ഇന്ത്യ വിജയത്തിലേക്ക് അടിവെച്ച് നടന്നു.
ഹര്‍മന്‍ 22 പന്തില്‍ 32 റണ്‍സും ജെമീമ റോഡ്രിഗസ് 45 പന്തില്‍ 29 റണ്‍സും നേടി.
ബൗളിങ്ങില്‍ തിളങ്ങിയ ദീപ്തി ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്തി. 48 പന്ത് നേരിട്ട് പുറത്താകതെ 39 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്‌കോററായാണ് ദീപ്തി ശര്‍മ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തിയെ കളിയിലെ താരമായും രേണുക സിങ്ങിനെ പരമ്പരയിലെ താരമായും തെരഞ്ഞെടുത്തു.
Content highlight: IND W defeated WI in 3rd ODI, Clean sweep the series