ഇന്ത്യയുടെ സിംബാബ്വേ പര്യടനത്തിലെ ടി-20 പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ ഹരാരെയില്‍ കളിക്കുക.
ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പര ഐ.പി.എല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. അഭിഷേക് ശര്‍മയും റിയാന്‍ പരാഗമുടക്കമുള്ള താരങ്ങള്‍ ഇന്ത്യക്കായി കളത്തിലിറങ്ങും.
ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന റിയാന്‍ പരാഗിന്റെ അരങ്ങേറ്റവും ആദ്യ ടി-20യില്‍ തന്നെ ഉണ്ടായേക്കും. ഏഷ്യന്‍ ഗെയിംസിലടക്കം നിരവധി തവണ അര്‍ഹിച്ച ഇന്ത്യന്‍ ക്യാപ് താരത്തിന് ലഭിക്കാതെ പോയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടും താരത്തെ അപെക്‌സ് ബോര്‍ഡ് കണ്ടതായി നടിച്ചിരുന്നില്ല.
എന്നാല്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് പരാഗ് സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ സ്വയം അടയാളപ്പെടുത്തിയത്.
ഐ.പി.എല്‍ 2024 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റിയാന്‍ പരാഗ് ഫിനിഷ് ചെയ്തത്. 14 ഇന്നിങ്‌സില്‍ നിന്നും 52.09ശരാശരിയിലും 149.21 സ്‌ട്രൈക്ക് റേറ്റിലും 573 റണ്‍സാണ് താരം നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു അണ്‍ക്യാപ്ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
ഇപ്പോള്‍ റിയാന്‍ പരാഗിനെ കുറിച്ച് സംസാരിക്കുകയാണ് സിംബാബ്‌വേ കോച്ച് ജസ്റ്റിന്‍ സാമ്മണ്‍സ്. ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകാരിയായ താരമാണെന്നും ഐ.പി.എല്ലിലെ പ്രകടനം ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘റിയാന്‍ പരാഗിന്റെ ഐ.പി.എല്ലിലെ പ്രകടനം അവനെ ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ താരമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ വരുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് ഏറ്റവും മികച്ച എതിരാളികള്‍ക്ക് മുമ്പില്‍ സ്വയം തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് നല്‍കിയിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ സമയം വെകീട്ട് 4.30നാണ് മത്സരം അരങ്ങേറുന്നത്. ഹരാരെയാണ് വേദി.
സിംബാബ്‌വേ സ്‌ക്വാഡ്
സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോനാഥന്‍ കാംപ്‌ബെല്‍, ടെന്‍ഡാസ് ചതാര, ലൂക് ജോങ്‌വേ, ഇന്നസന്റ് കയിയ, ക്ലൈവ് മദാന്‍ദെ, വെസ്‌ലി മധേവരെ, താഡിവനാഷെ മരുമാണി, വെല്ലിങ്ടണ്‍ മസകദാസ, ബ്രാന്‍ഡന്‍ മറ്റൂവ, ബ്ലെസിങ് മുസബരാനി, ഡയണ്‍ മയേഴ്‌സ്, ആന്റം നഖ്‌വി, റിച്ചാര്‍ഡ് എന്‍ഗരാവ, മില്‍ട്ടണ്‍ ഷുംബ.
ഇന്ത്യന്‍ സ്‌ക്വാഡ് (ആദ്യ രണ്ട് മത്സരങ്ങള്‍)
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡേ.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം
ആദ്യ മത്സരം – ജൂലൈ 6 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്
രണ്ടാം മത്സരം – ജൂലൈ 7 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്
മൂന്നാം മത്സരം – ജൂലൈ 10 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്
നാലാം മത്സരം – ജൂലൈ 13 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്
അവസാന മത്സരം – ജൂലൈ 14 – ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ്
Also Read: ക്യാപ്റ്റന്‍സിയുടെ പ്രധാന ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച് ശുഭ്മന്‍ ഗില്‍
Also Read: ഇന്ത്യന്‍ വിമണ്‍സിന് ചരിത്രത്തിലെ ആദ്യ ഹാട്രിക് നാണക്കേട്; തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക
Content Highlight: IND vs ZIM: Zimbabwe coach praises Riyan Parag