|

111ാമന്‍, 112ാമന്‍, 113ാമന്‍... ഇന്ത്യയുടെ ഭാവിയിലേക്കുള്ള യാത്ര ഇതാ ഇവിടെ തുടങ്ങുന്നു; ആദ്യം പന്തെറിയും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഹരാരെയാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവ താരങ്ങളെയാണ് ഈ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരീഡിന് കൂടിയാണ് ഈ പരമ്പരയില്‍ തുടക്കം കുറിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം റിയാന്‍ പരാഗ് മത്സരത്തില്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയാണ്. നേരത്തെ ഏഷ്യന്‍ ഗെയിംസിലടക്കം നിരവധി തവണ അര്‍ഹിച്ച ഇന്ത്യന്‍ ക്യാപ് താരത്തിന് ലഭിക്കാതെ പോയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടും താരത്തെ അപെക്‌സ് ബോര്‍ഡ് കണ്ടതായി നടിച്ചിരുന്നില്ല. എന്നാല്‍ ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ താരം പര്യടനത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയും തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയാണ്. അഭിഷേക് ശര്‍മയായിരിക്കും മത്സരത്തില്‍ തന്റെ ഓപ്പണിങ് പാര്‍ട്ണറെന്ന് നായകന്‍ ശുഭ്മന്‍ ഗില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗില്ലിനൊപ്പം ഒരുമിച്ച് കളിച്ച താരമാണ് അഭിഷേക് ശര്‍മ. കൗമാര താരങ്ങളായിരിക്കെ പഞ്ചാബില്‍ ഒന്നിച്ച് ബാറ്റെടുത്തവര്‍, ഒരേ സീസണില്‍ തന്നെയാണ് രഞ്ജി അരങ്ങേറ്റവും കുറിച്ചത്. ഇന്ത്യക്കൊപ്പം ഇരുവരും ഒന്നിച്ച് അണ്ടര്‍ 19ലോകകപ്പും നേടിയിരുന്നു.

ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ ധ്രുവ് ജുറെല്‍ ഇപ്പോള്‍ തന്റെ ലിമിറ്റഡ് ഓവര്‍ അരങ്ങേറ്റവും കുറിക്കുകയാണ്.

ടി-20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന 111ാം താരമാണ് അഭിഷേക് ശര്‍മ. 112ാമനായി ധ്രുവ് ജുറെലും 113ാമനായി റിയാന്‍ പരാഗും അരങ്ങേറ്റം കുറിക്കുന്നു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

സിംബാബ്‌വേ പ്ലെയിങ് ഇലവന്‍

താഡിവനാഷെ മനുമാണി, ഇന്നസെന്റ് കയിയ, ബ്രയന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മയേഴ്‌സ്, ജോനാഥന്‍ കാംപ്‌ബെല്‍, ക്ലൈവ് മദാന്‍ദെ, വെല്ലിങ്ടണ്‍ മസകദ്‌സ, ലൂക് ജോങ്‌വേ, ബ്ലെസ്സിങ് മുസാബരാനി, ടെന്‍ഡായി ചതേര.

Also read: ബൈ ബൈ റൊണാള്‍ഡോ, ബൈ ബൈ ഡോയ്ച്‌ലാന്‍ഡ്: അധികസമയത്തില്‍ സ്‌പെയ്ന്‍, പോര്‍ച്ചുഗലിന് ചരമഗീതമെഴുതി ഫ്രാന്‍സ്

Also Read: ക്യാപ്റ്റന്‍സിയുടെ പ്രധാന ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച് ശുഭ്മന്‍ ഗില്‍

Also Read: ഇന്ത്യന്‍ വിമണ്‍സിന് ചരിത്രത്തിലെ ആദ്യ ഹാട്രിക് നാണക്കേട്; തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക

Content highlight: IND vs ZIM: India won the toss and elect to field first