| Monday, 8th July 2024, 8:34 am

60 പന്തില്‍ 160 റണ്‍സ്!!! കുത്തുവാക്കുകള്‍ കൊണ്ട് കീറിമുറിക്കപ്പെട്ടവര്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ നൂറ് റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ആതിഥേരുടെ അടിത്തറയിളക്കിയാണ് ഇന്ത്യ രണ്ടാം മത്സരം പിടിച്ചടക്കിയത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ നൂറ് റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഷെവ്‌റോണ്‍സ് 134ന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ശുഭ്മന്‍ ഗില്‍ വെറും രണ്ട് റണ്‍സിന് പുറത്തായി. ബ്ലെസ്സിങ് മുസരബാനിയുടെ പന്തില്‍ ബ്രയന്‍ ബെന്നറ്റിന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഋതുരാജ് ഗെയ്ക്വാദിനെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ സ്‌കോര്‍ ഉയര്‍ത്തി. ആദ്യ മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ഇരുവരും രണ്ടാം മത്സരത്തില്‍ ബൗളര്‍മാരെ തല്ലിയൊതുക്കാന്‍ മത്സരിച്ചു. ടീം സ്‌കോര്‍ 10ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 147ല്‍ നില്‍ക്കവെയാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് ശര്‍മയെ പുറത്താക്കി വെല്ലിങ്ടണ്‍ മസാകാദ്‌സയാണ് ബ്രേക് ത്രൂ നല്‍കിയത്.

47 പന്തില്‍ 100 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. ഏഴ് ബൗണ്ടറിയും ആകാശം തൊട്ട എട്ട് സിക്‌സറും അടക്കം 212.77 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തിയാണ് താരം നൂറ് റണ്‍സ് പൂര്‍ത്തിയാക്കിയത്.

നാലാം നമ്പറില്‍ റിങ്കു സിങ്ങാണ് ക്രീസിലെത്തിയത്. ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായി മടങ്ങിയതിന്റെ കണക്കുതീര്‍ക്കാനുള്ള അവസരമായി തന്നെയാണ് റിങ്കു സിങ്ങും രണ്ടാം ടി-20യെ കണ്ടത്.

ഒരുവശത്ത് നിന്ന് ഗെയ്ക്വാദ് കത്തിക്കയറുമ്പോള്‍ മറുവശത്ത് റിങ്കു സ്‌റ്റോം ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. റണ്ണടിച്ചുകൂട്ടാന്‍ ഇരുവരും മത്സരിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഒടുവില്‍ നിശ്ചിത ഓവര്‍ അവസാനിച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യയെത്തിയത്.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന പത്ത് ഓവറില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

അവസാന പത്ത് ഓവറില്‍ 160 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. അഭിഷേക് ശര്‍മ – ഋതുരാജ് ഗെയ്ക്വാദ് – റിങ്കു സിങ് ത്രയത്തിന്റെ വെടിക്കെട്ടിന് പിന്നാലെയാണ് ഈ നേട്ടം പിറവിയെടുത്തത്.

2007ല്‍ കെനിയക്കെതിരെ അവസാന പത്ത് ഓവറില്‍ 159 റണ്‍സ് നേടിയ ശ്രീലങ്കയുടെ റെക്കോഡാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് വീണത്.

ഒരു ടി-20ഐ ഇന്നിങ്‌സിന്റെ അവസാന പത്ത് ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ടീമുകള്‍

(ടീം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യ – സിംബാബ്‌വേ – 160 – ഹരാരെ – 2024

ശ്രീലങ്ക – കെനിയ – 159 – ജോഹനാസ്‌ബെര്‍ഗ് – 2007

അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – 156 – ഡെറാഡൂണ്‍ – 2019

ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – മൗണ്ട് മംഗനൂയി – 2020

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വേക്കും പിഴച്ചു. ആദ്യ ഓവറില്‍ ഇന്നസെന്റ് കയിയ പുറത്ത്. ഒരു ബൗണ്ടറി മാത്രമടിച്ച് മുകേഷ് കുമാറിന്റെ പന്തില്‍ താരം മടങ്ങി.

രണ്ടാം വിക്കറ്റില്‍ വെസ്‌ലി മധേവരെയും ബ്രയന്‍ ബെന്നറ്റും ചെറുത്തുനില്‍പാരംഭിച്ചു. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ മൂന്നാം ഓവറില്‍ മുകേഷ് കുമാര്‍ വീണ്ടും ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. ഓവറിലെ അവസാന പന്തില്‍ ബെന്നറ്റ് ബൗള്‍ഡ്! ഒമ്പത് പന്തില്‍ 26 റണ്‍സടിച്ചാണ് താരത്തിന്റെ മടക്കം. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമാണ് ബെന്നറ്റ് സ്‌കോര്‍ ചെയ്തത്.

ഡയണ്‍ മയേഴ്‌സ് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ നാല് പന്തില്‍ നാല് റണ്ണടിച്ച് പുറത്തായി. പിന്നാലെയത്തിയ ജോനാഥന്‍ കാംപ്‌ബെല്‍ (18 പന്തില്‍ 10), ക്ലൈവ് മദാന്‍ദെ (നാല് പന്തില്‍ പൂജ്യം), വെല്ലിങ്ടണ്‍ മസാകാദ്‌സ (മൂന്ന് പന്തില്‍ ഒന്ന്) എന്നിവരും പെട്ടെന്ന് തന്നെ പവലിയനിലേക്ക് തിരിച്ചുനടന്നു.

ഒമ്പതാം വിക്കറ്റില്‍ ലൂക് ജോങ്‌വേയുടെ അപ്രതീക്ഷിത ചെറുത്തുനില്‍പ് മധേവരെക്കും തുണയായി. എന്നാല്‍ ടീം സ്‌കോര്‍ 117ല്‍ നില്‍ക്കവെ എട്ടാം വിക്കറ്റായി മധേവരെയും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ബ്ലെസ്സിങ് മുസരബാനി നാല് പന്തില്‍ രണ്ട് റണ്‍സും ജോങ്‌വേ 26 പന്തില്‍ 33 റണ്‍സുമടിച്ച് പുറത്തായി.

ഒടുവില്‍ 134 റണ്‍സിന് സിംബാബ്‌വേ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യക്കായി ആവേശ് ഖാനും മുകേഷ് കുമാറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

Content highlight: IND vs ZIM: India creates a historic record

We use cookies to give you the best possible experience. Learn more