സഞ്ജുവിനെ തകര്‍ത്തവന്‍ വീണ്ടും തോല്‍പിച്ചു; സെഞ്ച്വറിയടിക്കാന്‍ വന്ന സൂര്യക്ക് മുമ്പേ സെഞ്ച്വറിയടിച്ച് വിന്‍ഡീസ് താരം
Sports News
സഞ്ജുവിനെ തകര്‍ത്തവന്‍ വീണ്ടും തോല്‍പിച്ചു; സെഞ്ച്വറിയടിക്കാന്‍ വന്ന സൂര്യക്ക് മുമ്പേ സെഞ്ച്വറിയടിച്ച് വിന്‍ഡീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th August 2023, 8:52 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യക്ക് മോശം തുടക്കം. ആദ്യ മത്സരത്തിലേതെന്ന പോലെ രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വിഷമിക്കുകയാണ്.

ടീം സ്‌കോര്‍ 20 കടക്കും മുമ്പേ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയാണ് വിന്‍ഡീസ് കരുത്ത് കാട്ടിയത്. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കി അല്‍സാരി ജോസഫാണ് വിന്‍ഡീസിന് അപ്പര്‍ ഹാന്‍ഡ് നല്‍കിയത്. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായാണ് ഗില്‍ കളം വിട്ടത്.

മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് ജോസഫിന് വിക്കറ്റ് നല്‍കി ഗില്‍ മടങ്ങിയത്. അല്‍സാരി ജോസഫിന്റെ ഫുള്‍ ലെങ്ത് ഡെലിവെറി ഗില്ലിന്റെ ബാറ്റില്‍ ഇന്‍സൈഡ് എഡ്ജ് ചെയ്ത് ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കൈകളില്‍ വിശ്രമിക്കുകയായിരുന്നു. താരത്തിന്റെ നൂറാം ടി-20 വിക്കറ്റ് നേട്ടമാണിത്.

 

ആദ്യ വിക്കറ്റ് വീണതിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇന്ത്യയെ ഞെട്ടിച്ച് വിന്‍ഡീസ് രണ്ടാം വിക്കറ്റും വീഴ്ത്തി. ഇത്തവണ സൂര്യകുമാര്‍ യാദവിനെ മടക്കിയാണ് വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചത്. മൂന്ന് പന്തില്‍ നിന്നും ഒറ്റ റണ്‍സ് നേടി നില്‍ക്കവെ റണ്‍ ഔട്ടായാണ് താരം പുറത്തായത്.

ഒബെഡ് മക്കേയ് എറിഞ്ഞ നാലാം ഓവറിലാണ് സ്‌കൈ പുറത്താകുന്നത്. സൂപ്പര്‍ താരം കൈല്‍ മയേഴ്‌സിന്റെ ഡയറക്ട് ഹിറ്റിലൂടെയാണ് സൂര്യകുമാര്‍ പുറത്താകുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പുറത്തായതിന് സമാനമായി തന്നെയാണ് സൂര്യയും പുറത്തായത്.

ഒരു തകര്‍പ്പന്‍ നേട്ടം കണ്‍മുമ്പിലിരിക്കവെയാണ് സൂര്യകുമാര്‍ പുറത്താകുന്നത്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ നൂറ് സിക്‌സര്‍ തികയ്ക്കുന്ന താരം എന്ന റെക്കോഡ് നേട്ടമാണ് സൂര്യയുടെ കയ്യെത്തും ദൂരത്ത് നിന്നും വഴുതി മാറിയത്. ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സിക്‌സറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ 13ാമത് താരം എന്ന റെക്കോഡും മൂന്നാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡും സൂര്യകുമാറിന് ലഭിക്കുമായിരുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും (182 സിക്‌സര്‍), വിരാട് കോഹ്‌ലിയും (117 സിക്‌സര്‍) ആണ് ഇതിന് മുമ്പ് സിക്‌സറില്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരങ്ങള്‍.

എന്നാല്‍ നിലവില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സൂര്യകുമാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് പട്ടികയിലെ മൂന്നാമന്‍. 72 മത്സരത്തിലെ 68 ഇന്നിങ്‌സില്‍ നിന്നും 99 സിക്‌സറുകളാണ് രാഹുലിന്റെ പേരിലുള്ളത്.

അതേസമയം, എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 49 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 18 പന്തില്‍ നിന്നും 17 റണ്‍സുമായി തിലക് വര്‍മയും 18 പന്തില്‍ 20 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ഇന്ത്യക്കായി ക്രീസില്‍.

ഇന്ത്യ ഇലവന്‍

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ് ഇലവന്‍

ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്.

 

Content Highlight: Ind vs WI Suryakumar Yadav outs for one Runs, Alzarri Joseph completes 100 wickets