| Friday, 29th July 2022, 1:04 pm

ആദ്യം സഞ്ജുവിനെ പുറത്താക്കുക, എന്നിട്ട് മത്സരത്തിന്റെ അന്ന് ഉള്‍പ്പെടുത്തുക; സര്‍പ്രൈസ് നീക്കവുമായി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 സ്‌ക്വാഡില്‍ ഇടം നേടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. കൊവിഡ് ബാധിച്ച കെ.എല്‍. രാഹുലിന് മടങ്ങിയെത്താനാവത്ത സാഹചര്യത്തിലാണ് പകരക്കാരനായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച ടി-20 സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു പര്യടനത്തിനെത്തിയത്. ടി-20 ലോകകപ്പ് അടുത്ത് വരവെ ഈ സര്‍പ്രൈസ് നീക്കം സഞ്ജുവിന് ഗുണമാവുമെന്നുറപ്പാണ്.

ഇക്കാര്യത്തില്‍ ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ബി.സി.സി.ഐ പുറത്തിറക്കിയ ഇന്ത്യന്‍ സ്‌ക്വാഡിന്റെ പട്ടികയില്‍ സഞ്ജുവിന്റെ പേരുണ്ട്.

ഏകദിന പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ നടത്തിയ മാസ്മരിക പ്രകടനമാണ് താരത്തെ ഒരിക്കല്‍ക്കൂടി ടീമിലെത്തിച്ചിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റിന് പിന്നില്‍ സഞ്ജു നടത്തിയ മാസ്മരിക പ്രകടനമാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്നും കരകയറ്റിയത്.

എന്നാല്‍, സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് എത്രത്തോളം ചാന്‍സ് ലഭിക്കുമെന്ന് കണ്ടറിയണം. വിക്കറ്റ് കീപ്പറായും ടോപ് ഓര്‍ഡര്‍ ബാറ്ററായും റിഷബ് പന്ത് ടീമിനൊപ്പമുള്ളപ്പോള്‍ സഞ്ജുവിന് ചാന്‍സ് ലഭിക്കാനുള്ള ചാന്‍സ് പരിമിതമാണ്.

എന്നിരുന്നാലും, ഏകദിനത്തിലെ പ്രകടനം കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും സെലക്ടര്‍മാരുടെയും മനസില്‍ ഉണ്ടാവുമെന്നുറപ്പാണ്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിലെ സഞ്ജുവിന്റെ പ്രിയപ്പെട്ടവരായ ഷിംറോണ്‍ ഹെറ്റ്‌മെയറും ഒബെഡ് മക്കോയ്‌യും വിന്‍ഡീസ് നിരയിലുണ്ട്. ഈ മിക്‌സിലേക്ക് സഞ്ജു കൂടി എത്തുന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ഫേസ് ഓഫാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ടി-20 സ്‌ക്വാഡ്:

നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ് മെന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്സ്, ഡോമിനിക് ഡ്രേക്സ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്സ്, ഒബെഡ് മക്കോയ്, കീമോ പോള്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍

ഇന്ത്യ ടി-20 സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

Content Highlight:  IND vs WI: Sanju Samson Added To India T20I Squad As KL Rahul’s Replacement

We use cookies to give you the best possible experience. Learn more